സലഫികളുടെ ഐ.എസ് ബന്ധം; ബഹ്റൈനിലെ അല്‍ അന്‍സാര്‍ നേതൃത്വം മലക്കംമറിയുന്നു
മനാമ: ഐ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ പോലിസ് അറസ്റ്റ് ചെയ്തവരില്‍ ബഹ്റൈനിലെ സലഫി സംഘടന പരിശീലനം നല്കിയവരുമുണ്ടെന്ന വെളിപ്പെടുത്തല്‍ വിശദീകരിക്കാനാകാതെ നേതൃത്വം. തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖില്‍ ബിരിയാണി ഹംസ എന്ന യു. കെ ഹംസയാണ് ബഹ്റൈനിലെ മലയാളി സലഫി ആശയക്കാരുടെ സംഘടനായ അല്‍ അന്‍സാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലുള്ളപ്പോള് ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വാര്‍ത്തയില്‍ പറയുന്ന വ്യക്തിയുമായി അല്‍ അന്‍സാറിന് ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ബഹ്റൈനിലെ അല്‍ അന്‍സാര്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സുപ്രഭാതത്തോട് പ്രതികരിച്ചു.
നേരത്തെ അല്‍ഫുര്‍ഖാന്‍ മലയാളം വിങ് എന്ന പേരിലായിരുന്നു ഇവിടെ സലഫി സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്നും അല്‍ അന്‍സാര്‍ എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പൊലിസ് പിടികൂടിയ ഹംസ വര്‍ഷങ്ങളോളം ബഹ്റൈനിലെ സലഫി പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നുവെന്ന ആരോപണം സോഷ്യല്‍ മീഡിയകളിലും ബഹ്റൈന്‍ പ്രവാസികള്‍ക്കിടയിലും സജീവമാണ്. ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരും ക്ലാസിനെത്തുന്നവരും ആരെല്ലാമാണെന്ന് പറയാന്‍ കഴിയില്ലെന്നും നിരവധി പ്രവാസി മലയാളികള്‍ പങ്കെടുക്കാറുണ്ടെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് ബന്ധപ്പെട്ടവര്‍ നല്‍കിയത്.
1988 മുതല്‍ വിദേശത്തു പോവുന്ന ഹംസ ബംഗ്ലാദേശ്, സഊദി, ഖത്തര്‍, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡിലേക്കു വ്യാജ പാസ്പോര്ട്ടില് പോകാന്‍ ശ്രമിച്ചതിന് 1995ല്‍ മുംബൈയില്‍ പിടിയിലായിരുന്നു.
തുര്‍ക്കിയിലേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ഹംസയും സൈനാസില്‍ മനാഫ് റഹ്മാനും പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."