റഷ്യന്‍ വിജയികളെ കാത്തിരിക്കുന്നത് 40 കോടി ഡോളര്‍: ഇന്‍ഫാന്റിനോ
കൊല്‍ക്കത്ത: റഷ്യയില്‍ 2019 ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് വിജയികള്‍ക്ക് 3.80 കോടി ഡോളര്‍ സമ്മാന തുക പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനായും ഫിഫ എക്‌സിക്യൂട്ടിവ് യോഗത്തിലും പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്രസീല്‍ ലോകകപ്പില്‍ വിജയികള്‍ക്ക് നല്‍കിയത് 3.50 കോടി ഡോളറായിരുന്നു. റഷ്യ ലോകകപ്പില്‍ ആകെ 40 കോടി ഡോളറാണ് നല്‍കുന്നത്. ബ്രസീലില്‍ ഇത് 35.8 കോടി ഡോളറായിരുന്നു. 80 ലക്ഷം ഡോളര്‍ വീതം ലോകകപ്പില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും ലഭിക്കും. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ത്യയില്‍ ഫുട്‌ബോളിന് വളരെ ആസ്വാദകരുള്ളത് ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ഫുട്‌ബോള്‍ രാജ്യമായി മാറിയതായി കഴിഞ്ഞ ദിവസം ഇന്‍ഫാന്റിനോ വ്യക്തമാക്കിയിരുന്നു. ഇന്‍ഫാന്റിനോയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്നലെ സ്വീകരണമൊരുക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഫിഫയിലെ 36 കൗണ്‍സില്‍ മെമ്പര്‍മാരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. സൗരവ് ഗാംഗുലിയുടെ പത്‌നി ഡോണ ഗാംഗുലിയുടെ നേതൃത്വത്തില്‍ 30 പേര്‍ പങ്കെടുത്ത ഒഡീസി നൃത്തം ചടങ്ങിന് പൊലിമ കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."