ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണം: മുഖ്യമന്ത്രിയോട് മുസ്‌ലിം സംഘടനകള്‍
മലപ്പുറം: ഹാദിയയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മലപ്പുറം ഗസ്റ്റ്ഹൗസിലെത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിയെകണ്ട് നിവേദനം നല്‍കിയത്.
ഹൈക്കോടതി ഹാദിയയെ മാതാപിതാക്കളോടൊപ്പം വിട്ടശേഷം അവര്‍ വീട്ടുതടങ്കലിലാണെന്ന് നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും അവര്‍ അനുഭവിക്കുന്നതായാണ് മാധ്യമപ്രവര്‍ത്തകരിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഇഷ്ടമുള്ളയിടത്ത് പോകാമെന്നും തടഞ്ഞുവയ്ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചശേഷവും പുറംലോകവുമായി ബന്ധപ്പെടാനാകാതെ തടവില്‍ കഴിയുകയാണ്. മനോരോഗമോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നല്‍കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് സംരക്ഷണ ബാധ്യതയല്ലാതെ തടവില്‍വയ്ക്കാനോ പീഡിപ്പിക്കാനോ അനുവാദമില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിദഗ്ധരായ ഡോക്ടര്‍മാരെ അയച്ച് ഉത്തരവാദപ്പെട്ട പൊലിസ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ ഹാദിയയെ പരിശോധിപ്പിക്കുകയും റിപ്പോര്‍ട്ട് പൊതുജനസമക്ഷം സമര്‍പ്പിച്ച് ആശങ്കയകറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ.ഐ അബ്ദുല്‍മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍), കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."