ഇന്ത്യയുമായി അമേരിക്ക സുപ്രധാന പ്രതിരോധകരാറുകള്‍ക്ക് ഒരുങ്ങുന്നു
വാഷിങ്ടണ്‍: ഇന്ത്യയുമായി സുപ്രധാന പ്രതിരോധകരാറുകള്‍ക്ക് അമേരിക്ക തയാറെടുക്കുന്നു. ഇതില്‍ എഫ് 16, 18 യുദ്ധവിമാനങ്ങള്‍ എന്നിവയുടെ അതീവരഹസ്യമായ വിവരങ്ങള്‍ ഇന്ത്യക്ക് അടുത്തുതന്നെ കൈമാറും. നേരത്തെ ട്രംപ് ഭരണകൂടം യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം പുതിയ തലത്തിലേക്കു കൊണ്ടുപോകാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഇന്ത്യയെ സുപ്രധാന പങ്കാളിയാക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ട്. മേഖലയില്‍ ചൈനയുടെ വെല്ലുവിളി അതിജീവിക്കാനാണ് യു.എസ് ശ്രമം. ടില്ലേഴ്‌സന്റെ സന്ദര്‍ശനം ഈ ലക്ഷ്യവുമായിട്ടാണെന്നാണ് യു.എസ് നല്‍കുന്ന സൂചന. അതേസമയം ടില്ലേഴ്‌സന്റെ ഇന്ത്യാ സന്ദര്‍ശനം സൗഹൃദം ദൃഢമാക്കുന്നതിനു സഹായിച്ചെന്ന് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള താല്‍ക്കാലിക അസി.സെക്രട്ടറി ആലിസ് ജി വെല്‍സ് പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാക്കാനും സാമ്പത്തിക സഹകരണം മികവുറ്റതാക്കാനും സന്ദര്‍ശനം ഉപകരിച്ചെന്ന് വെല്‍സ് വ്യക്തമാക്കി.
ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയില്‍ ബിസിനസ് നടത്താനുള്ള സാഹചര്യങ്ങളൊരുക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വെല്‍സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."