മന്ത്രി രവീന്ദ്രനാഥിനെതിരേ അനില്‍ അക്കരയുടെ വക്കീല്‍ നോട്ടിസ്
തൃശൂര്‍: സംഘ്പരിവാര്‍ പശ്ചാത്തലം തുറന്നുകാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി മന്ത്രി സി. രവീന്ദ്രനാഥ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരേ അനില്‍ അക്കര എം.എല്‍.എ വക്കീല്‍ നോട്ടിസ് അയച്ചു.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഔദ്യോഗിക ലെറ്റര്‍പാഡില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും നിഷേധിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ആരോപിച്ചാണ് അഡ്വ. സി.ആര് ജെയ്സണ്‍ മുഖേന ഇന്നലെ സി. രവീന്ദ്രനാഥിന് വക്കീല്‍ നോട്ടിസ് അയച്ചത്.
നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം ക്ഷമാപണം നടത്തി എം.എല്‍.എയ്ക്കുണ്ടായ മാനഹാനി പരിഹരിക്കണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങള്‍ മന്ത്രി സി. രവീന്ദ്രനാഥ് നിഷേധിച്ചിരുന്നു. അതിനു പിറകേ അനില്‍ അക്കരെ എം.എല്‍.എയെ അപമാനിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് മന്ത്രിയുടെ അറിവോടെയാണെന്ന് കരുതുന്നതായും അത് മാനഹാനിയുണ്ടാക്കിയതായും വക്കീല്‍ നോട്ടിസില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."