തിരൂര്‍ മണ്ഡലത്തില്‍ പുതിയ വികസന പ്രവൃത്തികള്‍ക്ക് അനുമതിയായതായി സി.മമ്മൂട്ടി
തിരൂര്‍: മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസുകള്‍ ഈമാസം എട്ടിന് കൈമാറുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ. രാവിലെ 10 ന് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. കല്‍പകഞ്ചേരി ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, മാട്ടുമ്മല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി, പറവണ്ണ ഗവ.ഹയര്‍സെക്കന്‍ഡറി, തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി, ഏഴൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് ബസുകള്‍ നല്‍കുന്നതെന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് പുറമെ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി എം.എല്‍.എ വ്യക്തമാക്കി. തിരൂര്‍ നഗരസഭയിലെയും തലക്കാട് പഞ്ചായത്തിലെയും റോഡുകളുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. തിരൂര്‍ സിറ്റി-റെയില്‍വേ-ബോട്ട് ജെട്ടി റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു. റോഡിന്റെ വികസനത്തില്‍ അക്വിസിഷന്‍ നടപടികള്‍ ആവശ്യമായ ഭാഗങ്ങളിലെ സ്ഥലം ഉടമകളുടെ യോഗം അടുത്ത ദിവസം വിളിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പഴംകുളങ്ങര-പയ്യനങ്ങാടി-താനാളൂര്‍ റോഡ് 3.35 കിലോമീറ്റര്‍ ബി.എം ആന്റ് ബി.സി ചെയ്യുന്നതിന് 280 ലക്ഷം രൂപയും ബി.പി.അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡിന് 270 ലക്ഷം രൂപയും കോലൂപാലം-മുക്കിലപീടിക റോഡിന് 250 ലക്ഷം രൂപയും അനുവദിച്ചതായി സി.മമ്മൂട്ടി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."