കുവൈത്ത് മന്ത്രിസഭ രാജിവച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് സമര്‍പ്പിച്ച രാജിക്കത്ത് കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ് സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ പ്രധാനമന്ത്രിയോടും മറ്റ് അംഗങ്ങളോടും പദവിയില്‍ തുടരാന്‍ അമീര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രാജകുടുംബാംഗവും ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ്കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹിനെതിരേ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി 10 എം.പിമാര്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയമാണു മന്ത്രിസഭയുടെ രാജിയിലേക്കു നയിച്ചത്. ശൈഖ് മുഹമ്മദിനെതിരായ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഇന്നും നാളെയുമായി രണ്ടു വ്യത്യസ്ത വിശ്വാസവോട്ടെടുപ്പുകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു.
മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് ചൂണ്ടിക്കാണിച്ച് അമീര്‍ മന്ത്രിസഭയോട് രാജി ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇക്കാര്യം രാജി പ്രഖ്യാപിച്ച ശേഷം ശൈഖ് ജാബിര്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായി നിരവധി തവണ കുവൈത്ത് മന്ത്രിസഭയില്‍ അഴിച്ചുപണി നടന്നിരുന്നു. ഫെബ്രുവരിയിലാണ് ഏറ്റവും ഒടുവില്‍ മന്ത്രിസഭാ പുനസംഘടന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."