രാഘവന്‍ മാസ്റ്റര്‍ പരമ്പരാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സംഗീതജ്ഞന്‍: മുഖ്യമന്ത്രി
തലശ്ശേരി: പുതുതലമുറ ഗാനങ്ങള്‍ കാലാതിവര്‍ത്തിയല്ലെന്ന വിമര്‍ശം നിലനില്‍ക്കുമ്പോള്‍ ആറ് പതിറ്റാണ്ടിനു ശേഷം രാഘവന്‍ മാസ്റ്ററുടെ വരികളും ഈണങ്ങളും ഇന്നും ജനപ്രിയമായി നില നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രത്മശ്രീ കെ. രാഘവന്‍ മാസ്റ്ററുടെ പ്രതിമ തലശ്ശേരി സെന്റിനറി പാര്‍ക്കില്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നുവരെയുണ്ടായ തമിഴ് സ്വാധീനത്തില്‍ നിന്ന് മലയാളസംഗീതത്തിന്റെ ഭാഷയും ശീലങ്ങളും മാറ്റാന്‍ രാഘവന്‍ മാസ്റ്ററുടെ സംഗീതത്തിനായി.
മലയാളത്തനിമയും മണ്ണിന്റെ മണവുമുള്ള ഗ്രാമീണ ലാവണ്യം തുളുമ്പി നില്‍ക്കുന്ന മാഷുടെ പാട്ടുകള്‍ ഇന്നും ജനങ്ങള്‍ സ്വീകരിക്കുകയും ഏറ്റുപാടുകയുമാണ്.
മലയാള ഭാഷ നിലനില്‍ക്കുന്നിടത്തോളം രാഘവന്‍ മാസ്റ്ററുടെ സംഗീതം ജനഹൃദയങ്ങളില്‍ അലയടിക്കും.
മലയാള ചലചിത്രത്തിലെ നാഴികക്കല്ലായ നീലക്കുയില്‍ സംഗീതത്തിലെ പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ് എം.പി, പി.കെ ശ്രീമതി എം.പി, സി.എന്‍ ചന്ദ്രന്‍, കെ.കെ മാരാര്‍, കെ.എ ലത്തീഫ്, സജീവ് മാറോളി, വി. രത്‌നാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."