വിമാനത്താവളം: ആറ് റോഡുകള്‍ നാലുവരി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാലുവരിയായി വികസിപ്പിക്കാനുള്ള വിശദമായ രൂപരേഖ രണ്ടുമാസത്തിനകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ഏജന്‍സിയെ എത്രയും വേഗം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡി.പി.ആര്‍ നാലു മാസത്തിനകം തയാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ച് വേണം ഭൂമി ഏറ്റെടുക്കാന്‍. കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തലശ്ശേരി-കൊടുവള്ളി-ഗേറ്റ് മമ്പറം-എയര്‍പോര്‍ട്ട് റോഡ്(24.50 കിലോമീറ്റര്‍), കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍ മട്ടന്നൂര്‍ റോഡ് (52.2), മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് (63.5), കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍-വായന്തോട് റോഡ്(32), തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ്(27.2), മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ്(26.30) എന്നിവയാണ് വികസിപ്പിക്കുന്നത്.
നേരത്തെ കുറ്റ്യാടി-നാദാപുരം- പേരോട്-ചെറുവാഞ്ചേരി-എയര്‍പോര്‍ട്ട് വഴിയുള്ള പ്രൊപ്പോസലാണ് പെരിങ്ങത്തൂര്‍ പാനൂര്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. രണ്ടുമാസത്തിനകം ഈ റോഡുകളുടെ അലൈന്‍മെന്റ് പ്രൊപ്പോസല്‍ അന്തിമമാക്കി കിഫ്ബി ബോര്‍ഡിന് സമര്‍പ്പിക്കും.
തലശ്ശേരി-കൊടുവള്ളി-എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടുമ്പോള്‍ വടക്കുമ്പാട്, ചമ്പാട് സ്‌കൂളുകള്‍ ഒഴിവാക്കി അലൈന്‍മെന്റ് തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പടന്നക്കര വളവില്‍ വേഗത കുറച്ച് പോകുന്ന വിധം വളവ് ഒഴിവാക്കി ആവശ്യമായ മാറ്റം വരുത്താന്‍ ധാരണയായി. മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡിന്റെ ചക്കരക്കല്ല് വരെയുള്ള ഭാഗത്ത് റോഡിന്റെ പ്രതലം പുതുക്കുന്ന പ്രവൃത്തി പൂര്‍ത്തിയായതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ബാക്കി ഭാഗത്തെ പ്രവൃത്തി 15നകം പൂര്‍ത്തിയാക്കും. താഴെ ചൊവ്വ-കാപ്പാട് അഞ്ചരക്കണ്ടി മട്ടന്നൂര്‍ നിലവിലുള്ള റോഡ് ഏഴ് മീറ്ററാക്കി ടാര്‍ ചെയ്യുന്ന പ്രവൃത്തിയും നവംബര്‍ 15നകം തീര്‍ക്കും. തലശ്ശേരി വളവുപാറ റോഡിന്റെ പ്രവൃത്തി 2018 സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയും വിധം പുരോഗമിക്കുകയാണ്. കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളായതായി കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ രാഗേഷ് എം.പി, കിയാല്‍ എം.ഡി പി. ബാലകിരണ്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."