ചാലക്കുടി രാജീവ് വധക്കേസ്: കസ്റ്റഡി അനിവാര്യം; അഡ്വ. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങാന്‍ സമയം വേണമെന്ന ഉദയഭാനുവിന്റെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. എത്ര ഉന്നതനാണെങ്കിലും നീതിപീഠത്തിന് അതീതനല്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നു ജസ്റ്റിസ് എ.എസ് ഹരിപ്രസാദ് വിധിച്ചു. മുന്‍പ് കേസില്‍ പൊലിസ് കസ്റ്റഡി തള്ളിക്കൊണ്ട് ജഡ്ജി ഉബൈദ് ഉത്തരവിറക്കിയിരുന്നു. പിന്നീട് കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു.
ജഡ്ജി ഉബൈദിന്റെ ഉത്തരവ് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചാലക്കുടിയിലെ വസ്തു ഇടപാടുകാരനാണ് കൊല്ലപ്പെട്ട രാജീവ്. കേസില്‍ ഏഴാം പ്രതിയാണ് അഡ്വ.സി.പി ഉദയഭാനു. രാജീവ് കൊല്ലപ്പെട്ട ദിവസം കേസില്‍ ഒന്നാം പ്രതിയായ ചക്കര ജോണിയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമുള്ള നിര്‍ണായക തെളിവുകളും 12 പേജുള്ള റിപ്പോര്‍ട്ടും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് സംബന്ധിച്ച അന്വേഷണം ഇനിയും മുന്പോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."