കന്യാസ്ത്രീകള്‍ക്ക് ഭ്രാന്തിനുള്ള മരുന്ന്; കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരേ അന്വേഷണം വേണമെന്ന്
കൊച്ചി : കത്തോലിക്കാസഭ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിക്കുന്നുവെന്ന സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കേരളാ കത്തോലിക്കാസഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം), ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമര്‍പ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ശാരീരികവും മാനസികവുമായി കന്യാസ്ത്രീകളെ കത്തോലിക്കാ നേതൃത്വം പീഡിപ്പിക്കുന്നത് ഗൗരവമായി കാണണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇതിന് കൂട്ടുനിന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും നടപടിയുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ മരിച്ചത് സംബന്ധിച്ച് നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനങ്ങളായിരുന്നുവെന്നും അവര്‍ ആരോപിച്ചു. കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ.സി.ആര്‍.എം സംസ്ഥാന പ്രസിഡന്റ് കെ.ജോര്‍ജ് ജോസഫ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിയില്‍, കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ഫാ.കെ.പി ഷിബു, റെജി ഞള്ളാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."