കായല്‍ കൈയേറ്റം: നിലപാട് നിയമോപദേശം ലഭിച്ചാലുടന്‍: കോടിയേരി ബാലകൃഷ്ണന്‍
പാലക്കാട്: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന വിഷയത്തില്‍ സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടായപ്പോള്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കോടിയേരി ഇതു പറഞ്ഞത്.
ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. അതുകിട്ടുന്ന മുറക്ക് നിലപാട് സ്വീകരിക്കും. കഴിഞ്ഞ ദിവസം തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയ്ക്ക് അപ്പോള്‍ തന്നെ കാനം മറുപടി പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും പറയേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം അവസാനമാകുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പടയൊരുക്കമായി മാറുമെന്നും കോടിയേരി പരിഹസിച്ചു. കള്ളക്കടത്തുകാരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍, കള്ളക്കടത്തുകാരെ ജനപ്രതിനിധിയും മന്ത്രിയുമൊക്കെ ആക്കിയത് യു.ഡി.എഫാണ്. തങ്ങള്‍ക്കെതിരേ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നിരവധി വിരലാണ് അവര്‍ക്കെതിരേ ഉയരുന്നതെന്ന് മനസിലാക്കണം.
പടയൊരുക്കത്തില്‍ കളങ്കിതരുണ്ടാവില്ലെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ചെര്‍ക്കളം അബ്ദുല്ല യാത്രയിലുണ്ടാവുമോ? അദ്ദേഹം കളങ്കിതനല്ലേ. ബെന്നി ബെഹനാന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് കളങ്കിതനാണെന്ന് പറഞ്ഞാണ്. എന്താണ് കളങ്കിതരുടെ നിര്‍വചനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയാല്‍ നന്നായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ മേലുള്ള വില്‍പനനികുതി കുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തിന്റെ വില്‍പനനികുതി എടുത്തുകളയണമെന്നും കേന്ദ്രം യാതൊരു ഇളവും നടത്തില്ലെന്നും പറയുന്നത് ശരിയല്ല. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ശക്തമായ കേന്ദ്രവും ദുര്‍ബലമായ സംസ്ഥാനവുമാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."