മഅ്ദനി: കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം
കൊച്ചി: മഅ്ദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന നീതിനിഷേധത്തിനെതിരേ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സോണിയാഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഅ്ദനിക്ക് ജയിലില്‍വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറിനേക്കാള്‍ ശത്രുതാപരമായ നടപടികളാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഭരണകൂടം മഅ്ദനിയോട് കാണിക്കുന്നത്. ആറു മാസമായി അദ്ദേഹത്തെ ജുമുഅ നിസ്കരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തെ ബാധിച്ചിട്ടുള്ളത്. കര്‍ണാടകയിലെ തീവ്ര ഹൈന്ദവവോട്ടുകള്‍ ഏകീകരിച്ച് വീണ്ടും ഭരണത്തിലെത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഅ്ദനിയുടെ അസ്വാതന്ത്രത്തിന്റെ 16 വര്‍ഷവുമായി ബന്ധപ്പെട്ട് ഈ മാസം 17ന് പി.ഡി.പി മഹാസമ്മേളനവും റാലിയും നടത്തും. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ (ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ നഗര്‍) വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പ്രത്യേക സന്ദേശം അവതരിപ്പിക്കും. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.പ്രശാന്ത് ഭൂഷണ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."