ഒടുവില്‍ സൂക്കി റാഖൈനില്‍ എത്തി: കലാപം വേണ്ടെന്ന് ആഹ്വാനം
നെയ്പിദോ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ അതിക്രമം നടക്കുന്ന മ്യാന്‍മറിലെ റാഖൈന്‍ പ്രദേശം മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂക്കി സന്ദര്‍ശിച്ചു. കടുത്ത വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് ഒട്ടേറെപേര്‍ പലായനംചെയ്ത സംഭവം ഉണ്ടായതിനുശേഷം ആദ്യമായാണ് ഇവിടെ സൂക്കി സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇവിടുത്തെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും അതിക്രമം തുടങ്ങിയത്. ക്രൂരമായ പീഡനങ്ങളാല്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പീഡനങ്ങളെ തുടര്‍ന്ന് ആറുലക്ഷത്തോളം പേരാണ് ഇതുവരെ രാഖെയ്‌നില്‍നിന്നു ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തത്.
രണ്ടു ഹെലികോപ്റ്ററുകളിലായി ഇന്നലെയാണ് സൂക്കിയും ഇരുപതോളം പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘവും റാഖൈനിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. റാഖൈനില്‍ അവശേഷിക്കുന്ന കുടുംബങ്ങളെകണ്ട സൂക്കി, കലാപം വേണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അവര്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പുനല്‍കി.
നൊബേല്‍ സമ്മാന ജേതാവ് കൂടിയായ സൂക്കി അക്രമങ്ങളെ സാമാന്യവല്‍ക്കരിച്ച് രംഗത്തെത്തിയതു നേരത്തേ വിവാദമായിരുന്നു. റോഹിംഗ്യകള്‍ക്കെതിരായ ആക്രമണത്തെ ഐക്യരാഷ്ട്രസഭയടക്കം വിമര്‍ശിച്ചപ്പോഴും നിലപാട് കടുപ്പിക്കാന്‍ സൂക്കി തയാറായിരുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്കെതിരേ പ്രതിഷേധവും ശക്തമായിരുന്നു.എന്നാല്‍, പലായനം ചെയ്തവരെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ സന്ദര്‍ശനത്തിനിടെ സൂക്കി സംസാരിച്ചിട്ടില്ലെന്നാണ് വിവരം. നിലവില്‍ റാഖൈനില്‍ കഴിയുന്നവരുടെ പുനരധിവാസത്തെക്കുറിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."