പൊലിസിലെ കുടവയറന്മാര്‍ക്കെതിരേ വിമര്‍ശനവുമായി ഡി.ജി.പി
തിരുവനന്തപുരം: പൊലിസിലെ കുടവയറന്മാര്‍ക്ക് താക്കീതുമായി സംസ്ഥാന പൊലിസ് മേധാവി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് ലോക്‌നാഥ് ബെഹ്‌റ കുടവയറന്മാരെ പരിഹസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തത്.
പൊലിസ് സേനയില്‍ വരുന്നതിനു മുന്‍പ്് ആരോഗ്യം സംരക്ഷിക്കും. എന്നാല്‍ സേനയില്‍ ജോലിക്ക് കയറിയതിനു ശേഷം വ്യായാമം എന്ന പദം തന്നെ മറന്നു പോകും. വ്യായാമം ചെയ്യാന്‍ പറഞ്ഞ് വിട്ടാല്‍ പൊറോട്ടയും ഇഡലിയും വയറു നിറയെ വാങ്ങിക്കഴിക്കുന്നതാണ് നിലവിലെ പൊലിസുകാരുടെ ശീലമെന്നും ഡി.ജി.പി കളിയാക്കി.
രാവിലെ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യണം. സമയമാണ് തടസമെങ്കില്‍ രാവിലെ ഒരു മണിക്കൂര്‍ ജോലിക്കെത്തിയില്ലെങ്കിലും കുഴപ്പമില്ലെന്നും അതിനു സ്‌പെഷല്‍ പെര്‍മിഷന്‍ നല്‍കാമെന്നും ഡി.ജി.പി പറഞ്ഞു. പൊലിസിലെ 29 ശതമാനം പേരും പ്രമേഹ രോഗികളാണ്. അതിന്റെ കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണമാണ്.
അതിന് മാറ്റം വരണം. ഈ കുടവയറും തടിച്ച ശരീരവും കൊണ്ട് എങ്ങനെയാണ് ഒരാളെ ഓടിച്ചു പിടിക്കുന്നതെന്നും ഡി.ജി.പി ചോദിച്ചു.
ഇനിയും ഇങ്ങിനെ തുടര്‍ന്നാല്‍ ഡയറ്റിങ് ഏര്‍പ്പെടുത്തും. ആരോഗ്യം സംരക്ഷിക്കാന്‍ തിരുവനന്തപുരം റൂറല്‍ പൊലിസ് തയാറാക്കുന്ന പദ്ധതി കേരളം മൊത്തം വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."