വാടിക്കല്‍ രാമകൃഷ്ണനെ മഴുകൊണ്ട് വെട്ടിയത് പിണറായിയെന്ന് 'ഓര്‍ഗനൈസര്‍'
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനാണ് തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖവാരികയായ ഓര്‍ഗനൈസര്‍.
ഓര്‍ഗനൈസറിന്റെ പുതിയ ലക്കത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ലേഖനത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണനെ പിണറായി വിജയന്‍ മഴുകൊണ്ട് വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘമാണെന്ന് ജനരക്ഷായാത്രാ വേളയില്‍ ദൃക്‌സാക്ഷികളെന്നപേരില്‍ രണ്ടുപേര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് കൊലക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം കൊല്ലപ്പെട്ട രാമകൃഷ്ണന്റെ ഭാര്യ ലീല ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍.എസ്.എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം തന്നെ കേസില്‍ പിണറായിയുടെ പങ്കിനെപ്പറ്റി പുനരന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
'ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ജാഥയായെത്തിയാണ് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലന്‍ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ച'തെന്നും ഓര്‍ഗനൈസര്‍ പറയുന്നു. പിണറായി കല്ലു വെട്ടുന്ന മഴു ഉപയോഗിച്ചാണ് വെട്ടിയതെന്നും ലേഖനത്തില്‍ പറയുന്നു.
ഓര്‍ഗനൈസര്‍ ഈ വാര്‍ത്ത നല്‍കിയതിനെ ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. 1969 ഏപ്രില്‍ 28നായിരുന്നു സംഭവം. വാടിക്കല്‍ സ്‌കൂളിനു മുന്നില്‍ വച്ചാണ് രാമകൃഷ്ണനു വെട്ടേറ്റത്. ഈ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. എല്ലാവരെയും കോടതി വെറുതേവിട്ടിരുന്നു.
കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര വന്‍ വിജയമായിരുന്നുവെന്നും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന മുന്നണി കേരളത്തില്‍ പ്രമുഖ മുന്നണിയായി രംഗത്തുവന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
യാത്രയില്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാത്തത് ഡല്‍ഹിയില്‍ അടിയന്തര യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലായിരുന്നുവെന്ന് വിശദീകരിക്കുന്ന ലേഖനത്തില്‍ പിണറായിയിലൂടെ നടക്കാന്‍ ഭയന്നിട്ടാണ് അമിത് ഷാ പിന്‍മാറിയതെന്ന സി.പി.എം നിലപാടിനെയും വിമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."