ഒട്ടുമ്മല്‍ ബീച്ചിലെ മാര്‍ക്‌സിസ്റ്റ് അക്രമം; ഉത്തരവാദി പൊലിസെന്ന് മഹല്ല്കമ്മിറ്റി
പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങളില്‍ പൂര്‍ണ ഉത്തരവാദി പൊലിസാണെന്നു അരയന്‍കടപ്പുറം മഹല്ല് കമ്മിറ്റി കുറ്റപ്പെടുത്തി. പൊലിസ് സാന്നിധ്യത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മഹല്ല് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഒട്ടുമ്മല്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസ പരിസരത്ത് ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ അനധികൃതമായി ഷെഡ് കെട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ പരപ്പനങ്ങാടി എസ്.ഐ യുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുകയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുന്ന അവസരത്തില്‍ പരിപൂര്‍ണമായ പൊലിസ് സംരക്ഷണം ഉണ്ടാകുമെന്ന് എസ്.ഐ മഹല്ല് കമ്മിറ്റിക്കും സ്ഥലം എം.എല്‍.എ ക്കും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലിസുകാര്‍ മാത്രം വന്ന് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് എസ് .ഐ ചെയ്തതെന്നും മഹല്ല് കമ്മിറ്റി ആരോപിച്ചു.
പൊലിസ് നോക്കി നില്‍ക്കെ മുന്‍കൂട്ടി തയാറാക്കി വെച്ച മാരകായുധങ്ങളുമായി മദ്‌റസാ കമ്മിറ്റി ഭാരവാഹികളെയും പ്രവര്‍ത്തകരെയും തല്ലിച്ചതച്ചവര്‍ക്കെതിരേ പൊലിസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളും നിയമ നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. പി പി ഇബ്രാഹിം അധ്യക്ഷനായി. കെ.എസ് സൈതലവി,പി.എസ് സൈതലവി,പി.പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍,സി.പി സുബൈര്‍ മാസ്റ്റര്‍, ശമീം ദാരിമി,കെ ഹനീഫ, എം.പി ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."