'തീര്‍ഥാടകര്‍ക്ക് ഇടത്താവളമൊരുക്കാന്‍ മിനിപമ്പ പൂര്‍ണസജ്ജമാക്കും'
എടപ്പാള്‍: ശബരിമല തീര്‍ഥാടനകാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പ 14നകം ഭക്തന്‍മാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. മിനിപമ്പയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ദേശീയപാത വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദിന് ചുമതല നല്‍കി. മേഖലയിലെ താല്‍ക്കാലിക വൈദ്യുതികരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. പ്രവര്‍ത്തികള്‍ അതിവേഗം നടത്തുന്നതിനായി ഷോര്‍ട്ട് ടെന്‍ഡര്‍ വിളിക്കും. എന്നാല്‍ മേഖലയിലെ സ്ഥിരം വൈദ്യതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
മിനി പമ്പയില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ശബരിമലയിലേക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്ന് അതിരാവിലെ പുറപ്പെടുന്ന രീതിയില്‍ ബസ് അനുവദിക്കും. മേഖലയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്തന്‍മാര്‍ക്ക് മനസിലാക്കുന്നതിന് എല്ലാ ഭാഷയിലും തയാറാക്കിയ സ്ഥിരം ബോഡുകള്‍ സ്ഥാപിക്കും. പഞ്ചായത്തുമായി സഹകരിച്ച് കടവിലെ ചളി നീക്കം ചെയ്യും. പൂര്‍ണമായും ഹരിത നിയമാവലി നടപ്പിലാക്കുന്നതിന് ശുചിത്വമിഷന്റെ നേത്യത്വത്തില്‍ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നതിന് കഴുകി ഉപയോഗിക്കാവുന്ന രീതിയില്‍ സ്റ്റീല്‍ പ്ലെയിറ്റുകള്‍ നല്‍കും. ജില്ലാ കലക്ടര്‍ അമിത് മീണ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, ജില്ല പഞ്ചായത്ത് അംഗം എം.ബി.ഫൈസല്‍, ആര്‍.ഡി.ഒ. ടി.വി.സുഹാഷ്, ഡപ്യുട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, ഡപ്യുട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍, ഡി.ടി.പി.സി സെക്രട്ടറി ബിനിഷ് കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."