വരുമാന വര്‍ധനവ്: അമിത്ഷായുടെ മകന് ഹൈക്കോടതി നോട്ടിസ്
ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'ന്റെ ഹരജിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി നോട്ടീസയച്ചു. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ അവിശ്വസനീയ വര്‍ധനയുണ്ടായതായി കഴിഞ്ഞമാസം ദി വയര്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
ഈ വാര്‍ത്തയ്‌ക്കെതിരേ ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി അഹമ്മദാബാദ് സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ദി വയര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. സിവില്‍കോടതി ഇത്തരവ് സ്‌റ്റേചെയ്യണമെന്ന വയറിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ലെങ്കിലും ജയ് ഷായോട് വിശദീകരണം തേടുകയായിരുന്നു. കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
കീഴ്‌ക്കോടതി നടപടിയെ ചോദ്യംചെയ്ത് ദി വയര്‍ ലേഖിക രോഹിണി സിങ്ങും പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജും നല്‍കിയ രണ്ട് ഹരജികളാണ് ഹൈക്കോടതി മുന്‍പാകെയുള്ളത്. റിപ്പോര്‍ട്ട് ജയ് ഷാക്കു മാനഹാനി ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയല്ലെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും വയറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തങ്ങളുടെ നിലപാട് പോലും ചോദിക്കാതെ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തടഞ്ഞ കീഴ്‌ക്കോടതിയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണ്. വസ്തുതയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ആയതിനാല്‍ ഇതൊരിക്കലും മാനഹാനിയുടെ പരിധിയില്‍ വരില്ല. കീഴ്‌ക്കോടതിയുടെ നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള നീക്കവും അഭിപ്രായസ്വാതന്ത്ര്യം തടയലാണെന്നും ദവെ ചൂണ്ടിക്കാട്ടി.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 80 കോടിയുടെ വരുമാനമുണ്ടാക്കിയെന്നും വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നുമാണു 'ദി വയര്‍' വെളിപ്പെടുത്തിയത്. വാര്‍ത്തയുടെ പേരില്‍ ഓണ്‍ലൈന്‍ മാധ്യമത്തിനും സ്ഥാപനത്തിലെ ഏഴുജീവനക്കാര്‍ക്കുമെതിരേ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."