രാജ്‌കോട്ട് കൈവിട്ടുപോകുമോയെന്ന ആശങ്കയില്‍ ബി.ജെ.പി
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ട് മണ്ഡലം ബി.ജെ.പിയെ ചുട്ടുപൊള്ളിക്കുകയാണ്. എന്നും പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച ഇവിടെ ഇത്തവണ ജയിച്ചുകയറാന്‍ കഴിയുമോയെന്ന ആശങ്ക പ്രധാനമന്ത്രി മോദിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും വല്ലാതെ അലട്ടുകയാണ്.
രണ്ട് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് രാജ്‌കോട്ട് വെസ്റ്റ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ അഭിമാന മണ്ഡലം കൂടിയാണ് ഇത്. 2002ല്‍ മോദി ആദ്യമായി ജയിച്ചു കയറി മുഖ്യമന്ത്രിയായത് ഇവിടെ നിന്നാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് റുപാനിക്കും വഴിയൊരുക്കിയത് രാജ്‌കോട്ട് തന്നെയാണ്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഒരു കാലത്ത് രാജ്‌കോട്ട്. 1985ല്‍ ബി.ജെ.പി രൂപീകരിച്ച ശേഷം ഈ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു. എന്നാല്‍ ഇത്തവണ പട്ടേല്‍ സമുദായത്തിന്റെ പിന്തുണയുള്ളതുകൊണ്ട് മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 75,000 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സൗരാഷ്ട്ര മേഖലയിലെ സാമ്പത്തിക ഹബ്ബെന്നാണ് രാജ്‌കോട്ട് ജില്ലയെ വിശേഷിപ്പിക്കാറുള്ളത്. സംസ്ഥാനത്തിന്റെ സമ്പത്ത് നിയന്ത്രിക്കുന്ന ജില്ലയെന്നും രാജ്‌കോട്ട് അറിയപ്പെടുന്നു.
1980ലാണ് അവസാനമായി കോണ്‍ഗ്രസ് ഇവിടെ വിജയിച്ചത്. അന്ന് 19,755 വോട്ട് നേടി മണിഭായ് റാന്‍പരയാണ് വിജയിച്ചിരുന്നത്. 2002ലെ തെരഞ്ഞെടുപ്പില്‍ മോദി ആദ്യമായി ഇവിടെ നിന്ന് വിജയിച്ചു. തുടര്‍ന്ന് 2007ലും 2012ലും വിജയം ആവര്‍ത്തിച്ചു.
മോദിയ്ക്കു ശേഷം ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത് വജുഭായി വാലയായിരുന്നു. അദ്ദേഹം ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറാണ്. ഇദ്ദേഹം രാജിവച്ചതിനെതുടര്‍ന്ന് 2014ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയ് റുപാനി വിജയിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."