ഇളന്തോട്ടത്തില്‍ മനോജ് വധം കേസ് നടത്തിപ്പിന് ഫണ്ട് പിരിക്കുന്നതില്‍ സി. പി. എമ്മില്‍ പ്രതിസന്ധി
കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് വധക്കസ് നടത്തിപ്പിനായി രണ്ടുകോടി രൂപ പിരിക്കണമെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അണികള്‍ക്കിടയില്‍ വിവാദമാകുന്നു. നായനാര്‍ അക്കാദമി ഫണ്ടു പിരിവിനു ശേഷം നടന്നുവരുന്ന സമ്മേളനങ്ങള്‍ക്കായി വ്യാപകമായ പിരിവാണ് പാര്‍ട്ടി ബന്ധുക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമെടുത്തത്. ഇതിനു ശേഷമാണ് ഡിഫന്‍സ് ഫണ്ടെന്ന പേരില്‍ പിരിവിനുള്ള നിര്‍ദേശം.കേസിലെ ചെലവുകള്‍ക്കായി ജില്ലയില്‍ നിന്ന് രണ്ടുകോടിരൂപ പിരിച്ചെടുക്കാനാണ് ജില്ലാകമ്മിറ്റിയുടെ തീരുമാനം.
ഇതിനായി 18 ഏരിയാകമ്മിറ്റികള്‍ക്ക് ക്വാട്ട നിശ്ചയിച്ചു നല്‍കി. ഓരോ ഏരിയാകമ്മിറ്റിയും പത്തു മുതല്‍ 12 ലക്ഷം രൂപവരെയാണ് പിരിച്ചെടുക്കേണ്ടത്. ആര്‍.എസ്. എസ് നേതാവായിരുന്ന ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ജില്ലാസെക്രട്ടറി പി.ജയരാജനു പുറമേ പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ മധുസൂദനും സി.പി. എമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുണ്ട്.
മനോജ് വധത്തിന്റെ ഗൂഢാലോചനക്കേസില്‍ ഓഗസ്റ്റ് 31-നാണ് സി.ബി. ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിന്റെ വിചാരണ നടപടികള്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ ഈ മാസം തുടങ്ങാനിരിക്കെയാണ് കേസ് നടത്തിപ്പിനു ഫണ്ട് പിരിക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
മനോജ് വധക്കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ നിന്ന് നിയമപരമായി മോചനം നേടുകയെന്നത് കണ്ണൂരിലെ പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നങ്ങളിലൊന്നാണ്. സുപ്രിം കോടതിയില്‍ കേസില്‍ ഹാജരാകാനായി സീനിയര്‍ അഭിഭാഷകനെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ തന്നെ കോടികളിറക്കേണ്ടിവരും. നായനാര്‍ അക്കാദമി ഫണ്ടു പിരിവ് പൂര്‍ത്തിയായിട്ട് ആഴ്ചകള്‍ കഴിയുന്നതിനു മുന്‍പുതന്നെ വീണ്ടുമൊരു പിരിവിനോട് ജില്ലാകമ്മിറ്റിയംഗങ്ങള്‍ക്കിടയില്‍ തന്നെ എതിരഭിപ്രായമുണ്ട്. ഇതുകൂടാതെ ബ്രാഞ്ചു സമ്മേളനം മുതല്‍ ജില്ലാസമ്മേളനം വരെ നടത്തുന്നതിനായി വന്‍ പിരിവു തന്നെ നടന്നുവരികയാണ്.
ഇതിനിടെയിലാണ് മനോജ് വധക്കേസില്‍ കേസ് നടത്തിപ്പിനായി ഡിഫന്‍സ് ഫണ്ട് പിരിക്കുന്നത്. നേരത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു നിയമസഹായം ലഭിക്കുന്നതിനായി ഡിഫന്‍സ് ഫണ്ട് പിരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."