ലാവ്‌ലിന്‍: സി.ബി.ഐ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. ഈ മാസം 20നു മുന്‍പ് അപ്പീല്‍ ഹരജി ഫയല്‍ ചെയ്യാനാണ് സി.ബി.ഐയുടെ നീക്കം.
കേസില്‍ അപ്പീല്‍ പോകാമെന്നു കാണിച്ച് ഹൈക്കോടതിയില്‍ സി.ബി.ഐക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ സി.ബി.ഐ ഡയറക്ടറേറ്റിനു നേരത്തെ കത്തു നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. അപ്പീല്‍ പോകുന്നതു സംബന്ധിച്ച നിയമവശങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സി.ബി.ഐ തീരുമാനത്തിലെത്തിയത്. ഈ മാസം 21ന് വിധി വന്നിട്ട് 90 ദിവസം തികയും. അതിനു മുന്‍പു തന്നെ ഹരജി ഫയല്‍ ചെയ്യാനാണ് സി.ബി.ഐ കൊച്ചി ഓഫിസ് അധികൃതരുടെ നീക്കം.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ പ്രവൃത്തി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ 374 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നാണ് കേസ്. പിണറായി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളെ 2013ല്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വിധിക്കെതിരേ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച ഹൈക്കോടതി കേസിലെ ഏഴാം പ്രതിയായിരുന്ന പിണറായി വിജയന്‍, ഒന്നാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ഹൈക്കോടതി വിധി വന്നത്.
എന്നാല്‍, കേസിലെ മറ്റു പ്രതികളായ മുന്‍ അക്കൗണ്ട്‌സ് കമ്മിറ്റി അംഗം കെ.ജി രാജശേഖരന്‍ നായര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസില്‍ പിണറായിയെ കുരുക്കാന്‍ സി.ബി.ഐ ശ്രമിച്ചെന്ന ഗുരുതരമായ പരാമര്‍ശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി. ഉബൈദില്‍നിന്നുണ്ടായി.
വിധിക്കെതിരേ ശിവദാസനും കസ്തൂരിരംഗ അയ്യരും നേരത്തെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് സി.ബി.ഐയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."