തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം: ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് നിര്‍ണായകം
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി തോമസ്ചാണ്ടിയുടെ രാജിക്കു സമ്മര്‍ദമേറുന്ന സാഹചര്യത്തില്‍ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകം. സെക്രട്ടേറിയറ്റ് തീരുമാനത്തെ ആശ്രയിച്ചായിരിക്കും ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിന്റെ ഭാവി.
യോഗത്തില്‍ ചാണ്ടി തന്നെയായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. സി.പി.എം സംസ്ഥാന നേതാക്കളിലധികവും ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടിലെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലോ പുറത്തോ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടി മന്ത്രിസ്ഥാനത്തു തുടരേണ്ടതില്ലെന്ന അഭിപ്രായത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും.
സി.പി.ഐ നേരത്തെ തന്നെ തോമസ്ചാണ്ടിക്കെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മുകൂടി സമാനമായ തീരുമാനമെടുത്താല്‍ ചാണ്ടിക്ക് രാജിവയ്ക്കാതിരിക്കാനാവില്ല.
തുടക്കത്തില്‍ ആരോപണങ്ങളെ മുഖ്യമന്ത്രിയുടെ പിന്തുണയോടെ പ്രതിരോധിക്കാന്‍ ചാണ്ടിക്കായെങ്കിലും കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ ചാണ്ടിയെ തുടര്‍ന്നും പിന്തുണയ്ക്കാനാവാത്ത അവസ്ഥയില്‍ മുഖ്യമന്ത്രി എത്തിയിട്ടുണ്ട്.
തോമസ് ചാണ്ടിയെ തുടരാനനുവദിക്കുന്നത് എല്‍.ഡി.എഫിന്റെ പ്രതിച്ഛായയ്ക്കു വലിയ തോതില്‍ തന്നെ കളങ്കമുണ്ടാക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായത്തോടൊപ്പം മുഖ്യമന്ത്രി നില്‍ക്കാനാണ് സാധ്യത. സി.പി.എമ്മും സി.പി.ഐയും സമാന നിലപാടുകളിലെത്തിയാല്‍ എല്‍.ഡി.എഫ് അത് അംഗീകരിക്കുമെന്ന് ഉറപ്പാണ്.
അതേസമയം, തോമസ് ചാണ്ടിയുമായും അദ്ദേഹത്തിന്റെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുമായും ബന്ധപ്പെട്ട് ആലപ്പുഴ കലക്ടറേറ്റില്‍ ലഭ്യമായ ഫയലുകളുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ട് 30 ദിവസം കഴിഞ്ഞിട്ടും ലഭ്യമാക്കുന്നില്ലെന്ന പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."