ഇടുക്കിയില്‍ കാറ്ററിങ് കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവുമായി പിടിയില്‍
രാജകുമാരി: ജില്ലയിലെ പ്രമുഖ കാറ്ററിങ് കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവുമായി എക്സൈസ് പിടിയില്‍. കോളജ് വിദ്യാര്‍ഥികളായ തൃശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി വാഴപ്പിള്ളിയില്‍ മെല്ബിന് വര്‍ഗീസ് (20) കൊല്ലം കരുനാഗപ്പള്ളി പാവമ്പ സ്വദേശി വിജയഭാവനത്തില് ജിഷ്ണു വിജയന് (19) എന്നിവരാണ് 500ഗ്രാം കഞ്ചാവുമായി ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ പിടിയിലായത്.
തമിഴ്നാട് ബോഡിയില്‍ നിന്നും 4000 രൂപക്ക് കഞ്ചാവു വാങ്ങി ഇരുചക്ര വാഹനത്തില്‍ എത്തുകയും ചെക്പോസ്റ്റില്‍ വാഹനപരിശോധന നടക്കുന്നത് കണ്ട് ജിഷ്ണു ചെക്ക്പോസ്റ്റ് കടക്കുന്നതിനായി ബസ്സില്‍ കയറി, മെല്ബിന് ഇരുചക്ര വാഹനവുമായി ചെക്പോസ്റ്റില്‍ എത്തുകയും പരിശോധനയില്‍ കയ്യില്‍ നിന്നും കഞ്ചാവിന്റെ മണം വന്നതിനെത്തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ അരയില്‍ ഒളിപ്പിച്ചനിലയില്‍ ഒരു പൊതി കഞ്ചാവ് ലഭിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിന്നാലെ വന്ന ബസ് പരിശോധിക്കുകയും ബാഗില്‍ ഒളിപ്പിച്ച കഞ്ചാവുമായി ജിഷ്ണുവിനെ പിടികൂടുകയുമായിരുന്നു.
ജിഷ്ണുവിന്റെ ബാഗില്‍ നിന്ന് ലഭിച്ച കോളേജ് ഐഡന്റിറ്റി കാര്‍ഡ് കോപ്പിയില്‍ നിന്നുമാണ് ഇരുവരും ഒരേ കോളേജ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും ആണെന്ന്എക്സൈസ് കണ്ടെത്തിയത്. ഇതേ രീതിയില്‍ പലതവണ ഇവരും മറ്റു സുഹൃത്തുക്കളും കഞ്ചാവ് കടത്തിയിട്ടുള്ളതായി പറയുന്നു.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഇരുചക്രവാഹനം കസ്റ്റഡിയില്‍ എടുത്തു. എക്സ്ഐസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രകാശ് പ്രവന്റീവ് ഓഫീസര്‍മാരായ അജിത്കുമാര്‍, ലിജോ, സി.ഇ.ഒ മാരായ ലിജോ ജോസഫ്, അനൂപ് കെ.എസ്, രതീഷ്കുമാര്‍ എം.ആര് എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധനയിലൂടെ പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."