സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണം
ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും ഗെയില്‍ വാതക പൈപ്പലൈനിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലിസിനെ ഉപയോഗിച്ച് ക്രൂരമായി നേരിടുന്ന സര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ്.
കഴിഞ്ഞ ഒരാഴ്ചയായി അതി ഭീകര താണ്ഡവമാണ് ഗെയിലിനെതിരെയുള്ള സമര പ്രദേശങ്ങളില്‍ പൊലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നത്. ഗെയില്‍ പദ്ധതിക്ക് ഒരാളും എതിരല്ല .വികസനവും ആധുനിക സംവിധാനങ്ങളും ആവശ്യമാണ്. അത് നടപ്പാക്കുന്നതിന് പലവ ിധ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ പാവപ്പെട്ടവന്റെ ആകെയുള്ള അഞ്ചും പത്തും സെന്റ് സ്ഥലവും കിടപ്പാടവും നഷ്ടപ്പെടുത്തുന്ന വിധത്തിലാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല .
ഗെയില്‍ സമര രംഗത്തു സി.പി.എം ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. അധികാരത്തില്‍ വരുന്നതിനു മുമ്പ് എല്ലാ മേഖലകളിലും ഗെയിലിനെതിരേ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി.എം ഇന്ന് സമര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് ദുരൂഹമാണ്. വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയുടെ സ്വരത്തിലാണ് ഗെയില്‍ വിഷയത്തില്‍ സമരം ചെയ്യുന്നവരോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളത്. ഗെയില്‍ വാതക പദ്ധതികള്‍ മൂലം ഉണ്ടായിട്ടുള്ള നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും അവര്‍ക്കു വേണ്ട സുരക്ഷ ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ് . എന്നാല്‍ വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഗെയില്‍ അധികൃതരും സര്‍ക്കാരും പൊലിസും ഇരകളോട് പെരുമാറുന്നത് . ഈ ജനകീയ പ്രശ്‌നത്തെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോയാല്‍ അത് വലിയ ഒരു അപകടത്തിലേക്കാവും എത്തിപ്പെടുക. അതിനാല്‍ സര്‍ക്കാര്‍ പിടിവാശി വെടിഞ്ഞു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി ജനവാസ മേഖലകളെ ഒഴിവാക്കി വേണം ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."