സ്ത്രീപീഡന നിയമം ദുരുപയോഗപ്പെടുത്തുമ്പോള്‍
സംസ്ഥാനത്ത് വിവാഹമോചനം വര്‍ഷംതോറും ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇതിനു ജാതി, മത വ്യത്യാസമില്ല. മിക്ക വിവാഹബന്ധങ്ങള്‍ക്കും വിരലിലെണ്ണാവുന്ന നാളുകളുടെ ദൈര്‍ഘ്യമേയുള്ളൂവെന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. മുത്തച്ഛനും മുത്തശ്ശിയുമടങ്ങുന്ന കൂട്ടുകുടുംബങ്ങള്‍ യുവതലമുറയ്ക്ക് അന്യമാണ്. സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറുകളും അത്യാധുനിക വിഡിയോ ഗെയിമുകളുമൊക്കെയാണ് ഒഴിവുസമയം ചെലവഴിക്കാനുള്ള ഉപാധികള്‍. അയല്‍ക്കാരെ മാത്രമല്ല, സ്വന്തം ബന്ധുക്കളെപ്പോലും തിരിച്ചറിയാത്ത കാലം വിദൂരമല്ല.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹത്തോടെ സാങ്കേതികമായി ഭാര്യാഭര്‍ത്താക്കന്മാരായി മാറുമെങ്കിലും ഇരുവരും തങ്ങളുടെ സ്വകാര്യതയിലേയ്ക്കു കടന്നുകയറാന്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ അനുവദിക്കാറില്ല. വിവാഹശേഷവും ഭാര്യയും ഭര്‍ത്താവും സ്വന്തം ലോകത്തും പ്രവൃത്തിയിലും ഒതുങ്ങുന്നു. അത് മാനസികമായും ശാരീരികമായും അടുക്കുന്നതിനും അറിയുന്നതിനും വിഘാതമാകും.
ഭാര്യയും ഭര്‍ത്താവും പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ അറിയാതെയും പറയാതെയും പോകുന്നതു കൗശലപൂര്‍വം മുതലെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ ഏറെയുണ്ടാകും. അവര്‍ അവിഹിതബന്ധങ്ങള്‍ക്കു വഴിമരുന്നിടുകയും വൈവാഹികബന്ധം തകര്‍ക്കുന്നതിനു കാരണക്കാരാകുകയും ചെയ്യും. ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വന്തം കുടുംബത്തിനുള്ളിലേയ്ക്കു തിരിഞ്ഞുനോക്കുന്നതിനും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്നതിനും കാലതാമസം വരുത്തുന്നത് അപകടമാണ്.
എല്ലാ ദിവസവും കുടുംബത്തിനൊത്തു പരമാവധി സമയം കഴിയാനും ആശയവിനിമയം നടത്താനും കഴിഞ്ഞെന്നുവരില്ല. എന്നാല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അതിനു കഴിയും. ആഴ്ചയില്‍ ഒരു നിര്‍ബന്ധിതാവധി നിശ്ചയിച്ചിട്ടുള്ളതു വിശ്രമിക്കുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും പരസ്പരം ഒത്തു ചേരുന്നതിനും പരസ്പരം മനസിലാക്കുന്നതിനും വേണ്ടിയാണ്. ആഴ്ചയിലെ ആ നിര്‍ബന്ധിതാവധിക്കു പുറമെ മറ്റ് അവധികളും ഉണ്ടാകാറുണ്ട്. അവയെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.
വൈവാഹികബന്ധങ്ങള്‍ തകരുന്നതിനു സാമൂഹിക,സാമ്പത്തിക കാരണങ്ങളും ബന്ധുമിത്രാദികള്‍ തമ്മിലുള്ള അകല്‍ച്ചയും ഒരു പരിധിവരെ കാരണമാകാറുണ്ട്. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള സ്ത്രീയും പുരുഷനും വൈവാഹികബന്ധത്തിലൂടെ ഒന്നിക്കുമ്പോള്‍ ഇവരുടെ വ്യത്യസ്തമായ രീതികളും ഇഷ്ടാനിഷ്ടങ്ങളും തമ്മില്‍ ഒത്തുപോകുക പ്രയാസമാണ്. പരസ്പരം മനസിലാക്കിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടുകൊണ്ടുപോകേണ്ട വിവാഹബന്ധം പലപ്പോഴും പിടിവാശി മൂലമോ സ്വന്തം താല്‍പ്പര്യം നിഷേധിക്കപ്പെടുമ്പോഴോ തകര്‍ച്ചയിലേയ്ക്ക് എടുത്തെറിയപ്പെട്ടേക്കാം.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും വൈവാഹികപീഡനം തടയുന്നതിനും രാജ്യത്തു ധാരാളം നിയമങ്ങളുണ്ട്. ഇതില്‍ പ്രധാനം ഇന്ത്യന്‍ പീനല്‍ കോഡിലെ 498 (എ) വകുപ്പാണ്. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ഭാര്യയെ മാനസികമായോ ശാരീരകമായോ പീഡിപ്പിക്കുന്നതില്‍നിന്നു സ്ത്രീക്കു രക്ഷനല്‍കുകയെന്നതാണ് ഈ വകുപ്പിന്റെ കര്‍ത്തവ്യം. എന്നാല്‍, ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഇന്നുണ്ട്.
മാസങ്ങളും വര്‍ഷങ്ങളും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചവര്‍പോലും നിസ്സാരകാരണത്തിന്റെ പേരില്‍ വഴക്കിട്ടു വേര്‍പിരിഞ്ഞു താമസിക്കുന്നതു പതിവാണ്. അതില്‍ മിക്ക സ്ത്രീകളും, ശാരീരികമായും തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചു ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി പൊലിസിനും കോടതിക്കും മുമ്പാകെ എത്താറുണ്ട്.
മൂന്നുവര്‍ഷക്കാലംവരെ തടവു ശിക്ഷ ലഭിക്കാവുന്ന 498 (എ) വകുപ്പ് ആരോപിച്ചു ഭാര്യ സമര്‍പ്പിക്കുന്ന കള്ളപ്പരാതിയില്‍ മുന്നുംപിന്നും നോക്കാതെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന പൊലിസ് സ്ഥിതിഗതി കൂടുതല്‍ വഷളാക്കുന്നു. യഥാര്‍ഥവസ്തുത അറിയാമെങ്കിലും രാഷ്ട്രീയ,സാമ്പത്തിക പ്രേരണമൂലം പൊലിസുദ്യോഗസ്ഥര്‍ നിരപരാധികളായ ഭര്‍ത്താവിനെയും ബന്ധുക്കളെയും അന്യായമായി അറസ്റ്റ് ചെയ്യാറുണ്ട്.
വൈവാഹികബന്ധത്തില്‍ സ്ത്രീപീഡനം തടയുകയെന്ന സദുദ്ദേശ്യത്തോടെ 1983ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയ 498 (എ) വകുപ്പിന്റെ അനിയന്ത്രിതമായ ദുരുപയോഗം ശ്രദ്ധയില്‍പെട്ട സുപ്രിംകോടതി രാജേഷ് ശര്‍മ കേസില്‍ 498(എ) വകുപ്പുപ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുക്കുന്നതിനും അറസ്റ്റ് ഉള്‍പെടെയുള്ളനടപടി സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങളടങ്ങിയ വിധി പ്രസ്താവിക്കുകയുണ്ടായി.
വിവാഹബന്ധത്തില്‍ പീഡനം നേരിട്ടുവെന്നാരോപിച്ചു ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പൊലിസിനും മജിസ്‌ട്രേറ്റിനും മുമ്പാകെ സമര്‍പ്പിക്കുന്ന പരാതികളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് ഓരോ ജില്ലയിലും മൂന്നംഗങ്ങളടങ്ങുന്ന കുടുംബക്ഷേമ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും കമ്മിറ്റി പരാതിക്കാരിയുമായും എതിര്‍കക്ഷികളുമായും ബന്ധപ്പെട്ടു നിജസ്ഥിതി മനസ്സിലാക്കി പൊലിസിനും മറ്റും റിപ്പോര്‍ട്ട് നല്‍കണമെന്നും ആ വിധിയില്‍ നിര്‍ദേശിക്കുന്നുണ്ട്. കമ്മിറ്റിയില്‍നിന്നു റിപ്പോര്‍ട്ട് കിട്ടുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
498(എ) വകുപ്പു പ്രകാരമുള്ള കുറ്റം ആരോപിച്ചുള്ളപരാതികള്‍ അന്വേഷിക്കുന്നതിനു പ്രത്യേകാന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും ഇത്തരം കേസുകളില്‍ പ്രതികള്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍, പരാതിയില്‍ പറഞ്ഞ വസ്തുതകളും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുംഅടിസ്ഥാനമാക്കി വേണം തീര്‍പ്പുകല്‍പ്പിക്കാനെന്നും അനാവശ്യമായി പ്രതികളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ പിടിച്ചുവയ്ക്കാനോ കണ്ടുകെട്ടാനോ പാടില്ലെന്നും ബഹുമാനപ്പെട്ട സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പരാതിക്കാരിയും പ്രതികളുമായി ഒത്തുതീര്‍പ്പിലെത്തുന്ന പക്ഷം ഇരുവരും തമ്മിലുള്ള ഇതു സംബന്ധിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിച്ച് അവസാനിപ്പിക്കുന്നതിനു ജില്ലാ സെഷന്‍സ് ജഡ്ജിയെ അധികാരപ്പെടുത്തുന്ന നിര്‍ദേശവും ഈ വിധിയിലുണ്ട്. വിദേശത്തോ ദൂരദിക്കിലോ ഉള്ള ബന്ധുക്കളായ പ്രതികളുടെ സാന്നിധ്യവും ഇത്തരം കേസുകളില്‍ നിര്‍ബന്ധമാക്കേണ്ടെന്നും അവര്‍ കോടതി മുമ്പാകെ നേരില്‍ ഹാജരാകുന്നതിന് ഇളവുകള്‍ നല്‍കാവുന്നതാണെന്നും ഇവരുടെ സാന്നിധ്യം ആവശ്യമുണ്ടെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉറപ്പുവരുത്താവുന്നതാണെന്നും വിധിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഭാര്യക്കു സാരമായ പരിക്കുകളോ മരണമോ സംഭവിക്കുന്ന കേസുകളില്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ബാധകമല്ലെന്നും അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് പരിപൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പ്രത്യേകം വിശദമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."