കള്ളപ്പണം എത്രവന്നു? കൈമലര്‍ത്തി ധനമന്ത്രിയും
നോട്ട് നിരോധനത്തോടെ കള്ളപ്പണത്തെ തുടച്ചുനീക്കിയെന്ന അവകാശവാദമുന്നയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തു നിന്ന് കള്ളപ്പണം തുടച്ചുനീക്കിയെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്. എന്നാല്‍ കള്ളപ്പണമായി രാജ്യത്ത് എത്ര സംഖ്യയുണ്ടായിരുന്നുവെന്നോ എവിടെയാണ് ഉണ്ടായിരുന്നതെന്നോ വ്യക്തമാക്കാതെയാണ് മന്ത്രിയുടെ അവകാശവാദം.
നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് കഴിഞ്ഞ ഓഗസ്റ്റ് 31ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. നാലു ലക്ഷം കോടിയോളം രൂപ കള്ളപ്പണമായും വ്യാജനോട്ടായും രാജ്യത്തുണ്ടാകുമെന്ന നിഗമനത്തില്‍ നോട്ടുകള്‍ നിരോധിച്ച സര്‍ക്കാരിന് ഇതു വലിയ തിരിച്ചടിയായിരുന്നു.
അതേസമയം, പുതുതായി ഇറക്കിയ 2000 രൂപയുടെ നോട്ടുകളുടെ വ്യാജനും ഉടന്‍ തന്നെ വ്യാപകമായി ഇറങ്ങിയിരുന്നു. ഇതൊന്നും പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.
കറന്‍സിയുടെ ക്രയവിക്രയം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറയുന്നു. മുന്‍പ് 17.77 ലക്ഷം കോടി രൂപയുടെ കറന്‍സിയുണ്ടായിരുന്നത് ഇപ്പോള്‍ 14.75 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞുവെന്നാണ് ജയ്റ്റ്‌ലി അറിയിച്ചത്.
തീവ്രവാദത്തെയും ഇടതു ഭീകരപ്രവര്‍ത്തനത്തെയും തളയ്ക്കാന്‍ നോട്ട് നിരോധനം കൊണ്ടായെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. അനൗപചാരിക സമ്പദ്ഘടനയില്‍ നിന്ന് ഔപചാരിക സമ്പദ്ഘടയിലേക്ക് മാറ്റാനും സഹായിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് വര്‍ധിപ്പിക്കാനും ലെസ്സ്- ക്യാഷ് ഇക്കോണമിയിലേക്ക് ഇന്ത്യയെ നയിക്കാനുമായെന്നും മന്ത്രി പറഞ്ഞു.
നോട്ട് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം നന്നായിരുന്നുവെന്ന് പൊതു അഭിപ്രായമുണ്ടാക്കാന്‍ മന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്. അഴിമതി വിരുദ്ധ ദിനമെന്ന പേരിലാണ് ബി.ജെ.പി മന്ത്രിമാരും അനുകൂലികളും നവംബര്‍ എട്ടിനെ കാണുന്നത്. എന്നാല്‍ കരിദിനമായും, വിഡ്ഢിദിനമായുമാണ് നവംബര്‍ എട്ടിനെ പ്രതിപക്ഷം വരവേല്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."