അസംസ്കൃത എണ്ണ വില വര്‍ധിച്ചു; ഇന്ധന വില വീണ്ടും ഉയരും
ന്യൂഡല്‍ഹി: അസംസ്കൃത എണ്ണ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ സാധ്യത. ബാരലിന് രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 64 ഡോളറിലാണ് അസംസ്കൃത എണ്ണവില എത്തിയത്. വിലവര്‍ധന തുടരുമെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനയെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറിന് മുകളിലെത്തിയത് സമ്പദ്ഘടനയ്ക്ക് ഭീഷണിയാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ വില വര്‍ധനവ് ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ പണപ്പെരുപ്പം കുതിക്കാനും അസംസ്കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കാനും ഇടയാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമാകും. ആര്.ബി.ഐയുടെ നിരക്ക് വര്‍ധനവും വിനിമയ നിരക്കിലെ വ്യതിയാനവും രാജ്യത്തെ ബാധിച്ചേക്കും.
ആഗോള വിപണിയില്‍ തിങ്കളാഴ്ചമാത്രം ഒരു ബാരല്‍ അസംസ്കൃത എണ്ണയ്ക്ക് 3.5 ശതമാനമാണ് വിലവര്‍ധനവുണ്ടായത്. അഴിമതിക്കെതിരേ സഊദി നിലപാട് കര്‍ശനമാക്കിയതും യു.എസില്‍നിന്നുള്ള ലഭ്യത കുറഞ്ഞതും വിപണിയില്‍ അസംസ്കൃത എണ്ണയുടെ വരവില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."