ക്ഷേത്രം ഏറ്റെടുത്തത് കോടതി ഉത്തരവ് പ്രകാരം; വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല- കടകംപള്ളി
തിരുവനന്തപുരം: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഹൈക്കോടതി ഉത്തരവ് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ പൊതുസമൂഹവും, വിശ്വാസികളും ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തിന്റെയും, ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും, ക്ഷേത്ര ജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ച് സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രവരുമാനം അതാത് ക്ഷേത്രങ്ങളുടെയും, മറ്റ് ക്ഷേത്രങ്ങളുടെയും ദൈനംദിന ചെലവുകള്‍ക്കും, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും, വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് പണം ചെലവഴിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് മനസിലാക്കണമെന്നും കടകംപള്ളി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ പൊതുസമൂഹവും, വിശ്വാസികളും ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കേണ്ടതുണ്ട്.
നാട്ടുകാരിൽ ചിലരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ത്ഥസാരഥി ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലെ നിയമപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തിന്റെയും, ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറായില്ല. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഭരണസമിതി ഭാരവാഹികള്‍ വീണ്ടും കോടതിയില്‍ പോയപ്പോള്‍ സ്റ്റേ കിട്ടി. എന്നാല്‍ മാസങ്ങള്‍ക്കകം, സ്റ്റേ റദ്ദ് ചെയ്ത് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതി പുന:സ്ഥാപിച്ചു. ആ ഉത്തരവ് നടപ്പിലാക്കാന്‍ എത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഇതേതുടര്‍ന്നാണ് പോലീസ് സംരക്ഷണത്തില്‍ കോടതി ഉത്തരവ് നടപ്പാക്കിയത്.
ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും, ക്ഷേത്ര ജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ച് സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? സ്വത്ത് കൈയടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരന്‍ അടക്കം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ട് പോകുന്നത് തടയാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത് എന്നത് മനസിലാക്കണം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികണക്കിന് രൂപ ഗ്രാന്റ് നല്‍കി സഹായിക്കുന്നത് മറച്ചുവെച്ച് ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന കള്ള പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രവരുമാനം അതാത് ക്ഷേത്രങ്ങളുടെയും, മറ്റ് ക്ഷേത്രങ്ങളുടെയും ദൈനംദിന ചെലവുകള്‍ക്കും, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും, വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് പണം ചെലവഴിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് മനസിലാക്കണം. ക്ഷേത്രത്തിലെ കാണിക്ക പണം പോലും ഒരു കണക്കും കാണിക്കാതെ ഏതാനും വ്യക്തികളോ, തട്ടിക്കൂട്ട് സംഘങ്ങളോ ദുരുപയോഗം ചെയ്യുന്നതാണോ, അതോ ദേവസ്വം ബോര്‍ഡുകള്‍ വഴി കൃത്യമായി ഓഡിറ്റിംഗ് നടത്തി ആധികാരികമായി ദൈനംദിന ഭരണം നടത്തുന്നതാണോ അഭികാമ്യമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.
ഹൈന്ദവആരാധനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന പ്രചരണവും കണ്ടു. ഇത് തെറ്റിദ്ധാരണയാണ്.
തര്‍ക്കത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലീം പള്ളികളും അടച്ചിട്ടുണ്ട് ഇതേ കേരളത്തില്‍. 100 വര്‍ഷത്തോളം പഴക്കമുള്ള കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമഅത്ത് പള്ളി, കക്കോവ് ജുമാമസ്ജിദ്, ചാമപ്പറമ്പ് ജുമാമസ്ജിദ്, തൃക്കുന്നത്ത് പള്ളി, മാമലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളി തുടങ്ങി നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടിയ സംഭവങ്ങള്‍ക്ക് സാക്ഷികളാണ് നാം. ഇവിടെ ക്രമക്കേട് മൂലം ഭരണം താളം തെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് നടന്നിരിക്കുന്നത്. സംഘര്‍ഷമേഖലയായി ക്ഷേത്രഭൂമി മാറ്റാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. മറ്റൊരു പ്രചാരണം ഒരു നേരം വിളക്ക് തെളിക്കാന്‍ പോലും വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ ഏറ്റെടുക്കുന്നില്ലെന്നാണ്. ഇത് വിവരക്കേടാണെന്ന് വിനയത്തോടെ പറയട്ടെ. നിരവധി ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് തുക കൊണ്ടാണ് നിത്യപൂജ അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. കേരള രൂപീകരണത്തിന് മുമ്പേ നിലവിലുള്ളതാണ് ദേവസ്വം ഭരണ സമ്പ്രദായം എന്നത് പലര്‍ക്കും അറിയില്ല. രാജഭരണം അവസാനിപ്പിച്ചപ്പോള്‍ രാജ്യ സ്വത്തായ ക്ഷേത്രങ്ങള്‍ ജനാധിപത്യ സര്‍ക്കാരില്‍ അധിഷ്ഠിതമായി. എന്നാല്‍ ഈ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ആവശ്യമായ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ അങ്ങോട്ട് നല്‍കുന്നതല്ലാതെ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. സര്‍ക്കാര്‍ ക്ഷേത്രഭരണത്തില്‍ കൈകടത്താറുമില്ല. വിശ്വാസികള്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡുകളാണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. അതിനാല്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല എന്ന് വര്‍ഗീയവാദികള്‍ക്ക് തിരിച്ചറിയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."