സ്‌കോളര്‍ഷിപ്പ് 'കൊള്ള' ഇനി വേണ്ട; സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പിനെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
ചെറുവത്തൂര്‍: പണപ്പിരിവ് ലക്ഷ്യമാക്കി പൊതുവിദ്യാലയങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും നടത്തുന്ന മത്സരപരീക്ഷകള്‍ക്കെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ നിന്ന് യാതൊരു വിധ പണപ്പിരിവും പാടില്ലെന്നിരിക്കെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവ നടത്തുന്ന പരീക്ഷകളും മത്സരങ്ങളും വിദ്യാലയങ്ങളില്‍ തകൃതിയായി നടക്കുന്നത്.
കുട്ടികളില്‍ നിന്ന് വലിയ തുക പിരിച്ചു തുച്ഛമായ തുക സമ്മാനം നല്‍കുന്ന പരീക്ഷകളും മത്സരങ്ങളുമാണ് ഏറെയും. പ്രീ പ്രൈമറി തലം മുതലുള്ള കുട്ടികള്‍ക്കായി ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ നടക്കുന്നുണ്ട്.പരീക്ഷാ ഫീസായി ഒരു കുട്ടിയില്‍ നിന്ന് 200 രൂപ വരെ ഈടാക്കുന്നുണ്ട്. മാത്രവുമല്ല പരീക്ഷയ്ക്ക് കുട്ടികളെ തയാറാക്കാന്‍ ഇവര്‍ നല്‍കുന്ന പുസ്തകങ്ങളുടെ വില്‍പനയും നടത്തുന്നുണ്ട്. പ്രത്യേക കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. നാമമാത്രമായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ഫല പ്രഖ്യാപനം നടത്തുന്നതാണ് രീതി. 250 രൂപയാണ് പല പരീക്ഷകളുടെയും സ്‌കോളര്‍ഷിപ്പ് തുക. കച്ചവടമാണ് നടക്കുന്നത് എന്നറിയാമെങ്കിലും തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദ ഫലമായാണ് ഇത്തരം പരീക്ഷകളില്‍ തങ്ങള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കേണ്ടി വരുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
പണം പിരിച്ചുള്ള ക്വിസ്, ചിത്രരചന മത്സരങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. കുട്ടികളില്‍ നിന്ന് തുക പിരിച്ച ശേഷം മത്സരം പോലും നടത്താത്ത സംഭവങ്ങളും വ്യാപകമാണ്. കുട്ടികളെ പിഴിഞ്ഞ് സ്വകാര്യ സ്ഥാപനങ്ങള്‍ ഭീമമായ തുക സമാഹരിക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം മത്സരങ്ങള്‍ നടത്തിയാല്‍ അത് കുട്ടികളുടെ മേലുള്ള അനധികൃത കടന്നുകയറ്റമായി കാണും. ഏജന്‍സികള്‍ക്കെതിരേയും ഇതിന് അനുമതി നല്‍കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും നടപടിയുണ്ടാകും. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം ബാധകമാകും. 9,10 ക്ലാസുകളിലെ കുട്ടികള്‍ക്കായും ഇത്തരം മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഈ ക്ലാസുകളിലും പണപ്പിരിവ് നടത്താന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."