സര്‍ക്കാര്‍ മുട്ടുമടക്കി; ജില്ലാ ബാങ്കുകളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്
തൊടുപുഴ: കേരള ബാങ്ക് രൂപീകരണം മുന്‍നിര്‍ത്തി ജില്ലാ സഹകരണ ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ജില്ലാ സഹകരണ ബാങ്കുകളില്‍ റിട്ടയര്‍മെന്റ് മൂലം ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഇടപെടലും പി.എസ്.സി റാങ്ക് ജേതാക്കളുടെ ശക്തമായ പ്രതിഷേധവും മൂലമാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.
വിവിധ ജില്ലകളില്‍ നൂറിലധികം റിട്ടയര്‍മെന്റ് ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്, 65. കൊല്ലം 46, കോഴിക്കോട് 43,പാലക്കാട് 17, ഇടുക്കി 20, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍.
എന്നാല്‍, ഇടുക്കിയില്‍ ജനറല്‍ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലെന്നും 20 വേക്കന്‍സി എന്‍.സി.എ (നോണ്‍ കാന്‍ഡിഡേറ്റ് അവൈലബിള്‍) ആണെന്നും ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷ് സുപ്രഭാതത്തോട് പറഞ്ഞു.
ജില്ലാ ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുടങ്ങുന്നതിനും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി 2016 സെപ്റ്റംബര്‍ ഒന്‍പതിന് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള ബാങ്ക് എന്ന ആശയത്തിന്മേല്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ബാങ്കുകളില്‍ ശാഖകള്‍ ആരംഭിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്നിവയിന്മേല്‍ സര്‍ക്കാരില്‍നിന്നു നിര്‍ദേശമുണ്ടാകുന്നതുവരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതില്ലെന്നായിരുന്നു രജിസ്ട്രാറുടെ ഉത്തരവ്. എന്നാല്‍, സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദത്തേത്തുടര്‍ന്ന്, പി.എസ്.സി നിയമനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന ഭേദഗതി ഉത്തരവ് 2016 സെപ്റ്റംബര്‍ 23ന് പുറത്തിറക്കിയെങ്കിലും അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ജില്ലാ ബാങ്കുകളുടെ റിട്ടയര്‍മെന്റ് പ്രമോഷനുകള്‍ അടക്കം നിലച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായതോടുകൂടി നിയമനങ്ങള്‍ പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."