ലൈംഗിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം; സോളാറില്‍ കേസെടുക്കില്ല, തുടരന്വേഷണം മാത്രം
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശത്തെ തുടര്‍ന്ന് സോളാര്‍ തുടരന്വേഷണത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കേസ് എടുക്കേണ്ടതില്ലെന്നും പൊതു അന്വേഷണം നടത്തിയ ശേഷം തെളിവുകളുണ്ടെങ്കില്‍ കേസെടുത്താല്‍ മതിയെന്നും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും അന്വേഷണ ഉദ്യോഗസ്ഥരായ ഡി.ജി.പി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി പത്മകുമാര്‍, പൊലിസ് അസോസിയേഷന്‍ സെക്രട്ടറി അജിത് എന്നിവര്‍ക്കെതിരേ അഴിമതി നിരോധനിയമ പ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന സംഭവത്തില്‍ മാനഭംഗക്കേസും എടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നല്‍കിയത്.
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിലുണ്ടായ വീഴ്ചകളും അന്വേഷിക്കുന്നതിന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ മുഖ്യമന്ത്രി നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരവ് ഇറങ്ങിയിരുന്നില്ല.
അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത മന്ത്രിസഭായോഗം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത്ത് പസായതില്‍നിന്ന് കൂടുതല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചു. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് അന്വേഷണം മയപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടിക്കെതിരായി കേസിലെ പ്രതി സരിത എസ്.നായര്‍ നല്‍കിയ പീഡന പരാതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് നിയമോപദേശം നല്‍കിയിട്ടുണ്ട്. കാര്യം സാധിക്കുന്നതിനായി ലൈംഗികമായി ചൂഷണം ചെയ്‌തെങ്കിലും ലൈംഗികബന്ധം നടന്നത് ഉഭയകക്ഷി സമ്മതത്തോടെയാണെന്ന വ്യാഖ്യാനം ഉണ്ടായേക്കാമെന്നാണ് നിയമോപദേശം.
പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അതീവശ്രദ്ധ വേണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് റദ്ദാക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി സരിത പരാതിയില്‍ പറയുന്നുണ്ടെങ്കിലും അഴിമതി നടത്തുന്നതിന് വേണ്ടിയുള്ളതായതിനാല്‍ അത് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് നിലനില്‍ക്കില്ലെന്നും സുപ്രിം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികള്‍ ഉദ്ധരിച്ച് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.
കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല. മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നും ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍, അഴിമതി നിരോധന നിയമപ്രകാരമുള്ള എല്ലാ കേസുകളും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുമെന്നും കൂടാതെ ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ നിയമപരമായ സാധ്യതയും ജസ്റ്റിസ് ശരിവച്ചിട്ടുണ്ട്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സോളാറില്‍ പൊതുവായ പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ഉണ്ടെങ്കില്‍ കേസ് എടുക്കാമെന്ന് തീരുമാനിച്ചത്. ഏതൊക്കെ കേസുകള്‍ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."