വലിയ ലോകത്തെ ചെറിയ മനുഷ്യര്‍
ഓരോ പദവിക്കും അതിന്റേതായ അന്തസ്സുണ്ട്. അതുകൊണ്ടാണ് പദവിയിലിരിക്കുന്നവരെ അവരുടെ വ്യക്തിപരമായ പോരായ്മകള്‍ നോക്കാതെ ജനങ്ങള്‍ അനുസരിക്കുന്നതും ആദരിക്കുന്നതും. ശരാശരിക്കാരായ ആളുകള്‍പോലും പദവികളിലെത്തുമ്പോള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് ഉന്നതരും ഉല്‍കൃഷ്ടരുമായി മാറുന്ന അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. അപൂര്‍വം ചിലര്‍ തങ്ങളുടെ ഉല്‍കൃഷ്ടമായ വ്യക്തിവൈശിഷ്ട്യംകൊണ്ട് ഇരിക്കുന്ന പദവികളെ മഹത്വത്തിലേക്ക് ഉയര്‍ത്താറുമുണ്ട്. എന്നാല്‍, കൈയാളുന്ന പദവിയുടെ വലുപ്പം ഉള്‍ക്കൊള്ളാതെ ക്ഷുദ്രമനസ്സോടെ അതില്‍ വ്യാപരിക്കുന്ന അല്‍പജ്ഞരെയും കാണാനാവും. ആരോഗ്യകരമായ പൊതുജീവിതത്തില്‍ ഇവര്‍ സൃഷ്ടിക്കുന്ന വൈഷമ്യങ്ങള്‍ അത്ര നിസ്സാരമല്ല.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ കേരള സന്ദര്‍ശനം വാര്‍ത്താശ്രദ്ധ നേടിയത് അവരുടെ വിടുവായിത്തം ഒന്നുകൊണ്ട് മാത്രമാണ്. വംശവിദ്വേഷത്താല്‍ സമനില തെറ്റിയ ഭാവി രാഷ്ട്രീയപ്രവര്‍ത്തകയുടെ നിലവാരത്തില്‍നിന്ന് ഒരു ഭരണഘടനാ പദവിയുടെ അധ്യക്ഷയായിരിക്കുന്ന അവര്‍ക്ക് തെല്ലും ഉയരാന്‍ കഴിഞ്ഞില്ലെന്നതിന്റെ തെളിവായിരുന്നു കമ്മീഷന്‍ അധ്യക്ഷയുടെ വാക്കും പ്രവൃത്തിയും. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു യാതൊരു രേഖയുടേയും പിന്‍ബലമില്ലാതെ അവരുടെ ആരോപണം. പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി അവരെ മനുഷ്യബോംബായി ഉപയോഗിക്കുന്നതായും അവര്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന് അവര്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഏത് സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞില്ല. ചില പരാതികള്‍ പരിഗണിച്ചാണ് താനിത് പറയുന്നതെന്നായിരുന്നു വിശദീകരണം. പൊലിസില്‍ നിന്നോ സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നോ ഇതുസംബന്ധിച്ച വല്ല വിവരവും കിട്ടിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
സംസ്ഥാന വനിതാ കമ്മീഷനില്‍നിന്ന് ഏതെങ്കിലും റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്ന് മാത്രമല്ല, തന്റെ സന്ദര്‍ശനം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അവരെ അറിയിച്ചിട്ടുപോലുമില്ല. വൈക്കം ടി.പി പുരത്തെ വീട്ടില്‍ ചെന്ന് രേഖാ ശര്‍മ ഹാദിയയെ കണ്ടതിലുമുണ്ട് ദുരൂഹത. ഈ മാസം 27ന് ഹാദിയ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനിരിക്കെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തിരക്കിട്ട് സന്ദര്‍ശനം നടത്തിയത്. ഹാദിയയെ കണ്ടശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ പരിശോധിച്ചാല്‍ അവരുടെ സന്ദര്‍ശനം അത്ര സദുദ്ദേശ്യപരമല്ലെന്നും വ്യക്തമാവും. ഹാദിയ വീട്ടില്‍ സുരക്ഷിതയും സംതൃപ്തയുമാണെന്നായിരുന്നു രേഖാ ശര്‍മ പറഞ്ഞത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ അധ്യക്ഷ ധൃതിപിടിച്ച് ഈ വിധം പരസ്യപ്രസ്താവന നടത്തുന്നതു തന്നെ കോടതിയലക്ഷ്യമാണ്.
കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ യഥാര്‍ഥ ഉദ്ദേശ്യമെങ്കില്‍, തനിക്ക് താല്‍പ്പര്യമുള്ള ചിലരെ മാത്രം കണ്ട് ധൃതിയില്‍ ഒരു നിഗമനത്തില്‍ എത്തുകയായിരുന്നില്ല അവര്‍ ചെയ്യേണ്ടിയിരുന്നത്. ഹാദിയ പ്രശ്‌നം കേരള സമൂഹം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. ഇരുപക്ഷത്തും മാത്രമല്ല, നിഷ്പക്ഷമായി ഇക്കാര്യത്തില്‍ ഇടപെട്ട ഒട്ടേറെ വ്യക്തികളും സംഘടനകളും ഇവിടെയുണ്ട്. അവരെയൊന്നും കാണാതെ, കാര്യങ്ങള്‍ ശരിയാംവണ്ണം വിശകലനം ചെയ്യാതെ രേഖാശര്‍മ നടത്തിയ ആരോപണങ്ങള്‍ പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂ. അതിന് ശ്രമിക്കുന്നവരാണോ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കേരളത്തിലേക്ക് പറഞ്ഞയച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്ട് സിറ്റിങ് നടത്തിയപ്പോള്‍ പരാതിക്കാരായി വന്നവരെല്ലാം ഒരേ വിഭാഗക്കാരാണെന്ന് രേഖാ ശര്‍മ അധിക്ഷേപിക്കുകയുണ്ടായി. തനിക്ക് താല്‍പര്യമുള്ള ചിലരെ കാണാന്‍ വേണ്ടി മാത്രമാണ് കേരളത്തിലെത്തിയത് എന്നാണോ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ അത് ഗൗരവപരമായ കാര്യം തന്നെയാണ്.
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ മോദി ഭരണത്തില്‍ വഴിവിട്ട് സഞ്ചരിക്കുന്നത് ഇപ്പോള്‍ വാര്‍ത്തയല്ല. കേന്ദ്ര ഭരണകക്ഷിയുടെ പോഷക സംഘടനാ ഭാരവാഹികളെപ്പോലെ പെരുമാറുന്ന ഗവര്‍ണര്‍മാര്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. മോദിയോടുള്ള കൂറ് മാത്രമാണ് ഇത്തരം പദവികളില്‍ എത്താനുള്ള യോഗ്യത എന്ന് വരുമ്പോള്‍ ഇതല്ല, ഇതിനപ്പുറവും രാജ്യം സഹിക്കേണ്ടിവരും. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും കേന്ദ്രീയ സര്‍വകലാശാലകളുടെയും തലപ്പത്തിരുന്ന് മോദി ഭക്തര്‍ കാണിക്കുന്ന കെട്ടുകാഴ്ചകള്‍ ആരിലും ചിരിയുണര്‍ത്തുന്നതാണ്. ആലോചനയില്ലാതെ നോട്ടുനിരോധിച്ചും അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയും മോദി തന്നെ ഇന്ത്യന്‍ ഭരണകൂടത്തെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെപ്പോലുള്ള കൊച്ചുകൊച്ചു വിദൂഷക വേഷങ്ങളെ നമുക്ക് ചിരിച്ചുതള്ളാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."