ടിപ്പുവിനെതിരേ ഉയരുന്ന പടവാള്‍
വെണ്ണക്കല്ലിലെ മഹാകാവ്യമായി വിശേഷിപ്പിക്കപ്പെട്ട താജ്മഹലിനെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി ഭരണം ടൂറിസം സംബന്ധിയായ കൈപ്പുസ്തകത്തില്‍ നിന്നൊഴിവാക്കിയതോടെയാണ് അവിടെ വിവാദം പുകഞ്ഞുതുടങ്ങിയത്. പതിനേഴാം നൂറ്റാണ്ടിലെ ഈ രമ്യഹര്‍മത്തെ ഒഴിവാക്കിയതല്ലെന്നും മറ്റു ചെറുകിയ ടൂറിസം പ്രൊജക്ടുകള്‍ക്കു പ്രോത്സാഹനം നല്‍കിയതാണെന്നുമായിരുന്നു ആദ്യ ന്യായീകരണം.
എന്നാല്‍, അതിനു പിന്നാലെ ഹാലിളകിയെത്തിയ സംഘ്പരിവാര്‍ മന്ത്രിമാരും നേതാക്കളും ആഗ്രയില്‍ നിലനിന്ന ശിവക്ഷേത്രം പൊളിച്ചുമാറ്റിയാണു താജ്മഹല്‍ നിര്‍മിച്ചതെന്ന അവകാശവാദമുയര്‍ത്തി. വിവാദം അവസാനിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ താജ് സന്ദര്‍ശിച്ചു. വിവാദം തീരട്ടെയെന്ന മട്ടില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. 'താജ് ഒരു രത്‌നമാണ്. ലോകത്തിന് ഇന്ത്യയുടെ മഹത്തായ സംഭാവനയാണ്.'
അതിനിടയിലാണു പതിവുപോലെ ഇത്തവണയും മൈസൂര്‍ വാണ മഹാനായ ടിപ്പു സുല്‍ത്താന്റെ ജന്മദിനം നവംബര്‍ പത്തിന് ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വന്നത്. 18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി മരിച്ച ധീരനായ ഭരണാധികാരിയായി ചരിത്രം രേഖപ്പെടുത്തി വച്ച അദ്ദേഹത്തെ മതമര്‍ദകനും ക്ഷേത്രധ്വംസകനും സ്ത്രീലമ്പടനുമൊക്കെയായി മഞ്ഞപ്പട ചിത്രീകരിച്ചു. ബ്രിട്ടീഷുകാര്‍പോലും ആരോപിച്ചിട്ടില്ലാത്തവിധം കൂട്ടബലാത്സംഗം നടത്തിയ ആളായിപ്പോലും ചിത്രീകരിക്കപ്പെട്ടു.
ടിപ്പു സുല്‍ത്താനോ (1750 - 1797) പിതാവ് ഹൈദരാലിയോ (1721-1782) പുറംനാട്ടില്‍നിന്ന് ഇന്ത്യയിലേയ്ക്കു വന്നവരല്ല. കര്‍ണാടകയിലെ തുംകൂറില്‍ മുഗളരുടെ കമാന്‍ഡര്‍ ആയിരുന്ന ഫത്തേഹ് മുഹമ്മദിന്റെ പുത്രനാണു ഹൈദരലി. മുഗള രാജാക്കന്മാര്‍ക്ക് ഒത്താശ ചെയ്തിരുന്ന മൈസൂര്‍ രാജാവ് ചിക്കദ്രവ വോഡയാര്‍ ഏഴാംവയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട ഹൈദറിനെ മൈസൂര്‍ സേനയില്‍ ഓഫിസറായി കൊണ്ടുവരികയായിരുന്നു.
വ്യാപാരാവശ്യാര്‍ഥം ഇന്ത്യയിലെത്തി, ഈ മഹത്തായ നാടിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി ഹൈദരാബാദ് നൈസാമിന്റെ പിന്തുണ തേടി മൈസൂര്‍ ആക്രമിക്കാന്‍ ചെന്നപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ മുന്നിട്ടിറങ്ങിയതു ഹൈദരലിയെന്ന പടനായകനായിരുന്നു. അതോടെ ഹൈദരലിക്കു 'ഖാന്‍' എന്ന ബഹുമതിയും 200 കുതിരകളുടെ നായകസ്ഥാനവും ലഭിച്ചു.
1758 ല്‍ മഹാരാഷ്ട്രക്കാര്‍ കൊള്ളലാഭമുണ്ടാക്കി മൈസൂര്‍ ആക്രമിച്ചപ്പോള്‍, മൈസൂര്‍ സൈന്യത്തെ നയിച്ചതു സര്‍വസൈന്യാധിപനായ ഹൈദര്‍ ആയിരുന്നു. മൈസൂര്‍ രാജ്യത്തിന്റെ രക്ഷകനായി 1761 ല്‍ ഹൈദര്‍ അംഗീകരിക്കപ്പെട്ടു. രാജ്യം ഭരിച്ച മൈസൂര്‍ മഹാറാണിക്ക് നഞ്ചിരാജ്, ദേവരാജ് എന്നീ സഹോദരന്മാരുടെ ഇടപെടലില്‍ പ്രയാസങ്ങള്‍ നേരിട്ടു. അപ്പോഴും രാജ്ഞിയുടെ പാര്‍ശ്വത്തില്‍ മന്ത്രിയായി നില്‍ക്കുകയാണു ഹൈദര്‍ ചെയ്തത്. പിന്നീട് മൂന്നുവട്ടംകൂടി മഹാരാഷ്ട്രക്കാര്‍ ആക്രമിച്ചുവെങ്കിലും മൈസൂറിന്റെ രാജ്യാതിര്‍ത്തി വികസിക്കുകയാണു ചെയ്തതെന്നു ചരിത്രം.
നിരക്ഷരനും നിരാലംബനുമായാണു ജീവിതം ആരംഭിച്ചതെങ്കിലും കഠിനപ്രയത്‌നത്തിലൂടെ ദക്ഷണേന്ത്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായി മൈസൂരിനെ ഉയര്‍ത്തിയ ഹൈദര്‍, 1782ല്‍ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിനൊടുവിലാണു മരിക്കുന്നത്. തീരാവേദന നല്‍കുന്ന അര്‍ബുദവും പേറി 80-ാം വയസ്സില്‍ മരിക്കുവോളം മകന്‍ ടിപ്പുവിന് നല്‍കിയ ഉപദേശം 'ഇന്ത്യയില്‍ സര്‍വശക്തരാവാന്‍ ശ്രമിക്കുന്ന ഇംഗ്ലീഷുകാരെ നീ തോല്‍പ്പിക്കണം' എന്നായിരുന്നു.
ഹൈദറിന്റെ രണ്ടാം ഭാര്യയായ ഫഖ്‌റുന്നിസാ ബീഗത്തില്‍ പിറന്ന ടിപ്പുസുല്‍ത്താനെ 1766 ല്‍ മലബാറിലേയ്ക്കുള്ള സൈന്യത്തില്‍ ഉള്‍പ്പെടുത്തിയാണു പിതാവ് വളര്‍ത്തിയത്. അടുത്തവര്‍ഷം പാണിയമ്പാടിയില്‍ കേണല്‍ സ്മിത്തിന്റെ ഇംഗ്ലീഷ് പടയ്‌ക്കെതിരേയും കുതിരപ്പട്ടാളത്തെ നയിക്കാന്‍ ടിപ്പു ഉണ്ടായി. ഇംഗ്ലീഷ് സൈനികശക്തിക്ക് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ പ്രഹരമെന്നു ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ തന്നെ വിലയിരുത്തിയ കേണല്‍ ബെയ്‌ലി ടീമിന്റെ പരാജയത്തിന്റെ സൂത്രധാരനും ടിപ്പു ആയിരുന്നു.
ഏതവസരത്തിലും പടയോട്ടം നടക്കാറുള്ള ഒരു കാലഘട്ടത്തില്‍ ടിപ്പുവിന് സമാധാനകാംക്ഷിയാവാനൊന്നും സാധിക്കുമായിരുന്നില്ല. പ്രശസ്ത പത്രാധിപരും ചരിത്രനിരീക്ഷകനുമായ പി.കെ. ബാലകൃഷ്ണന്‍ ടിപ്പു സുല്‍ത്താനെക്കുറിച്ചു രചിച്ച ഗ്രന്ഥത്തില്‍ പറയുന്നതു സമാധാനജീവിതത്തിനു വേണ്ടത്ര അവസരങ്ങള്‍ കിട്ടാതെപോയ ഭരണകര്‍ത്താവാണു ടിപ്പുവെന്നാണ്. എന്നാല്‍, ആയുഷ്‌ക്കാലത്ത് അദ്ദേഹത്തിനു നടത്തേണ്ടിവന്ന വലിയ നാലു യുദ്ധങ്ങളും ആക്രമണത്തിനായിരുന്നില്ല ആത്മരക്ഷയ്ക്കു വേണ്ടിയായിരുന്നു.
അപ്പോഴും മൈസൂറിന്റെ ആധിപത്യം വിദേശശക്തികള്‍ക്ക് അടിയറവയ്ക്കാതെ മലബാറിലടക്കം തെന്നിന്ത്യയിലാകെ മേധാവിത്വം ഉറപ്പിക്കാനാണ് ആ പിതാവും പുത്രനും ശ്രമിച്ചത്. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ടിപ്പുവിന്റെ മൃതദേഹമാണു ശ്രീരംഗപട്ടണം കോട്ടയില്‍നിന്നു ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയത്. ടിപ്പുവിന്റെ രണ്ടു ചെറിയ മക്കളും മരണപ്പെട്ടു.
പ്രജകളെ ഒന്നുപോലെ സ്‌നേഹിച്ചിരുന്ന ടിപ്പുവിനെയും ഹൈദറിനെയും അന്യമതവിദ്വേഷികളായി ചിത്രീകരിക്കേണ്ടതു ബ്രിട്ടീഷുകാര്‍ക്ക് ഒരാവശ്യമായിരുന്നു. അത് അങ്ങനെത്തന്നെ ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും കയറിക്കൂടുകയും ചെയ്തു.
പുനയ്യ എന്ന ഹിന്ദു പ്രധാനമന്ത്രിയെയും കൃഷ്ണറാവു എന്ന കൊട്ടാര ട്രഷററെയും രാമയ്യ അയ്യങ്കാര്‍ എന്ന പ്രതിരോധ മന്ത്രിയെയും മദ്ദണ്ണ എന്ന മലബാര്‍ കലക്ടറെയും വച്ചു ഭരണം നടത്തിയിരുന്ന ടിപ്പു എങ്ങനെ ഹിന്ദു മതവിദ്വേഷിയാകുമെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
മറാത്ത ഭരണാധികാരിയായ പരശുറാം ബാവെയുടെ സൈന്യം 1791 ല്‍ രഘുനാഥ് പട്‌വര്‍ധന്റെ നേതൃത്വത്തില്‍ ശൃംഗേരി ശങ്കരാചാര്യ മഠം ആക്രമിക്കുകയും ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ നാടുവിട്ടോടിപ്പോവേണ്ടി വന്ന ശൃംഗേരി ജഗദ്ഗുരു സച്ചിദാനന്ദ ഭാരതിയെ തിരിച്ചുകൊണ്ടുവരാന്‍ സൈന്യത്തെ അയച്ചതു ടിപ്പുവായിരുന്നു. ദേവിയെ അണിയിക്കാന്‍ നെയ്ത സാരിയും ബ്ലൗസും കൊടുത്തയച്ച ശേഷമേ ടിപ്പുവിനു വിശ്രമിക്കാന്‍ തോന്നിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."