ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ഓടിക്കയറി കേരളം
ഭോപാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഓടിച്ചാടി കൈക്കരുത്ത് കാട്ടി കേരളം മുന്നില്‍ കയറി. ആദ്യ നാളില്‍ രണ്ട് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കേരള കൗമാരം ശക്തമായ തിരിച്ചു വരവാണ് ഇന്നലെ നടത്തിയത്. ട്രാക്കും ഫീല്‍ഡും കീഴടക്കിയാണ് മെഡല്‍ ബോക്‌സില്‍ മുന്നിലെത്തിയത്. ഭോപാലിലെ സായ് സെന്റര്‍ സ്റ്റേഡിയത്തില്‍ വേഗപ്പറവ പട്ടവും ദേശീയ റെക്കോര്‍ഡുകളോടെ സ്വര്‍ണവും വെള്ളിയും വാരിക്കൂട്ടിയാണ് കേരളം തിളങ്ങിയത്. 33 പോയിന്റുമായാണ് കേരളം ഒന്നാമത് എത്തിയത്. 17 പോയിന്റുമായി തമിഴ്‌നാടും 12 പോയിന്റുള്ള ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 12 പോയിന്റുമായി ഡല്‍ഹിക്കൊപ്പം ഉത്തര്‍പ്രദേശും മൂന്നാമതുണ്ട്.
പൊന്നില്‍ തിളങ്ങി
പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണവുമായി ആന്‍സി സോജനും വെള്ളി നേടിയ സാന്ദ്ര ബാബുവും 5.94 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചു. 2006ല്‍ ബംഗാളിന്റെ സിബാനി ഭുംജി സ്ഥാപിച്ച 5.88 മീറ്ററിന്റെ ദൂരമാണ് ആന്‍സിക്കും സാന്ദ്രക്കും മുന്നില്‍ വഴിമാറിയത്. ചാംപ്യന്‍ഷിപ്പിലെ അതിവേഗത്തിന്റെ രാജകുമാരിയായി തിളങ്ങിയതും ആന്‍സി സോജനാണ്. ആന്‍സി മീറ്റിലെ ആദ്യ ഇരട്ട സ്വര്‍ണ നേട്ടക്കാരിയായും മാറി. 12.43 സെക്കന്‍ഡിലായിരുന്നു നാട്ടിക ഫിഷറീസ് സ്‌കൂളിലെ താരം അതിവേഗ പട്ടം ചൂടിയത്. കടുത്ത പോരാട്ടം നടന്ന സ്പ്രിന്റില്‍ ഫോട്ടോ ഫിനിഷിലൂടെ മഹാരാഷ്ട്രയുടെ അവന്തിക നരാലെയെ (12.47) മൂന്നാമതാക്കി ഐഡിയല്‍ സ്‌കൂളിലെ പി.ഡി അഞ്ജലി (12.46) വെള്ളിയില്‍ തിളങ്ങി. ഡല്‍ഹിയുടെ നിസാര്‍ അഹമ്മദാണ് (10.76 സെക്കന്‍ഡ്) അതിവേഗക്കാരനായത്. മഹാരാഷ്ട്രയുടെ കരണ്‍ ഹെഗിസ്‌തെ (10.84) വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ വി.എ ശശികാന്ത് (10.85) വെങ്കല നേട്ടം കൊയ്തു. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി സ്‌കൂളിലെ സി ചാന്ദിനി കേരളത്തെ പൊന്നണിയിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഡി പ്രിസ്‌കില്ല ഡാനിയേലും ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യുവും സ്വര്‍ണം സമ്മാനിച്ചു.
കൈക്കരുത്തില്‍ റെക്കോര്‍ഡ് വഴിമാറി
ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനാണ് ഷോട് പുട്ട് പിറ്റില്‍ കണ്ടത്. വാശിയോടെ ആണ്‍കുട്ടികള്‍ കൈക്കരുത്ത് കാട്ടിയപ്പോള്‍ ആദ്യ മൂന്ന് സ്ഥാനക്കാരും റെക്കോര്‍ഡ് എറിഞ്ഞു നേടി. 18.84 മീറ്റര്‍ ദൂരം കീഴടക്കിയ വിദ്യാഭാരതിയുടെ അഭിഷേക് സിങ് പൊന്നണിഞ്ഞു. ഉത്തര്‍പ്രദേശിന്റെ താരങ്ങളായ സൗരഭ് മിശ്ര (18.63 മീറ്റര്‍) വെള്ളിയും രുദ്രനാരായണ്‍ പാണ്ഡെ (18.06 മീറ്റര്‍) വെങ്കലവും നേടി. വഡോദരയിലെ മഞ്ജല്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ മോഹിത് സ്ഥാപിച്ച 17.99 മീറ്ററിന്റെ റെക്കോര്‍ഡാണ് മൂവര്‍ക്കും മുന്നില്‍ വഴിമാറിയത്.
ഉയരത്തിലും ദൂരത്തിലും റെക്കോര്‍ഡ്
സ്വന്തം ഉയരം ക്രോസ്ബാറിന് മേലെ തിരുത്തിയ വിദ്യാഭാരതിയുടെ ദീപക് യാദവ് പോള്‍ വാള്‍ട്ടില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. മഞ്ജല്‍പൂരില്‍ സ്ഥാപിച്ച 4.31 മീറ്ററിന്റെ ഉയരം 4.45 മീറ്ററാക്കിയാണ് ദീപക് സ്വര്‍ണം നേടിയത്. ഹരിയാനയുടെ ഭൂപേന്ദര്‍ സിങ് ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 7.21 മീറ്റര്‍ ദൂരം കീഴടക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഡല്‍ഹിയുടെ അങ്കിത് ശര്‍മ 2009 ല്‍ കുറിച്ച 7.16 മീറ്റര്‍ ദൂരമാണ് ഭൂപേന്ദര്‍ മറികടന്നത്. ഉത്തര്‍പ്രദേശ് താരങ്ങളായ മുഹമദ് ഷാരൂഖ് (7.08 മീറ്റര്‍) വെള്ളിയും കുശാല്‍ സിങ് (6.91 മീറ്റര്‍) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളായിരുന്ന ആകാശ് എം വര്‍ഗീസ് (6.88) നാലാമനായപ്പോള്‍ കെ.എം ശ്രീകാന്ത് (6.61) ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4-100 മീറ്റര്‍ റിലേ ഉള്‍പ്പടെ കേരളം മെഡല്‍ നേട്ടം ലക്ഷ്യമിടുന്ന 12 ഫൈനലുകള്‍ ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."