സോളാര്‍ റിപ്പോര്‍ട്ട് പക്ഷപാതപരം, വിശ്വാസ്യതയില്ല: മുസ്‌ലിം ലീഗ്
മലപ്പുറം: ഒരു ജസ്റ്റിസ് തയാറാക്കുന്ന റിപ്പോര്‍ട്ടല്ല സോളാര്‍ കമ്മിഷന്റേതെന്നും ഒരു സ്ത്രീയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും പക്ഷപാതപരമാണെന്നും മുസ്‌ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് അടിയന്തിര സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ അതുസംബന്ധിച്ച ഒരു വിശദീകരണവും റിപ്പോര്‍ട്ടില്‍ നല്‍കുന്നില്ല. റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഇടതുപക്ഷ യൂനിയന്റെ സഹായത്തിന് നന്ദി പറയുന്ന റിപ്പോര്‍ട്ടില്‍ ധാര്‍മികമായി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതില്‍നിന്നുതന്നെ കാര്യങ്ങള്‍ ബോധ്യപ്പെടും. എത്ര കത്തുണ്ട് എന്ന കാര്യം പോലും കമ്മീഷനറിയില്ല. എല്ലാ കത്തുകളും മൊഴികളും പരസ്പര വിരുദ്ധമാണ്. ഇതൊന്നും കമ്മിഷന്‍ പരിശോധിച്ചില്ല. കമ്മിഷനെ നിയമിക്കുന്നതില്‍ ഗൗരവമായ കൂടിയാലോചന ഉണ്ടായെന്ന് കരുതുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇതിനെതിരേ ശക്തമായ കാംപയിന്‍ ആരംഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിയെ ഉയര്‍ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ തകര്‍ക്കാന്‍ കഴിയുമെന്ന എല്‍.ഡി.എഫിന്റെ മോഹം തെരഞ്ഞെടുപ്പോടെ പൊലിഞ്ഞ സാഹചര്യത്തിലാണ് അവര്‍ സോളാറുമായി രംഗത്തെത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇടി.മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, പിവി. അബ്ദുല്‍ വഹാബ് എംപി, എം.പി അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."