രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം: ഹരജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊലക്കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പൊതു താല്‍പര്യമെന്ന പേരില്‍ സ്വകാര്യ പരാതിയാണ് ഹരജിയിലുള്ളതെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സ്ഥാപിച്ച സമിതി നിക്ഷിപ്ത താല്‍പര്യത്തോടെയാണ് ഹരജി നല്‍കിയത്.
വസ്തുതകളുടെ പിന്‍ബലമില്ലാതെ, ആരോപണങ്ങള്‍ മാത്രമുള്ള ഹരജിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്ന പല ഹരജികളിലും കേസുകളുടെ ബാഹുല്യം പറഞ്ഞ് സാധാരണ ഒഴിയാറുള്ള സി.ബി.ഐ ഈ കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണത്തിനുള്ള സന്നദ്ധത അറിയിച്ചു.കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ ഇതിനു തയാറായതെന്ന് സൂചനയുണ്ടെന്നും കഴിഞ്ഞ ദിവസം അധിക സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ശ്രീകാര്യം രാജേഷടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക സമിതി നല്‍കിയ ഹരജിയില്‍ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എം.പി പ്രിയമോള്‍ ആണ് സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം നല്‍കിയത്.
cbi, kerala high court, bjp, rss,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."