ഐ.എസ് ഭീഷണി: ഊറ്റം കൊണ്ടാല്‍ പോരാ, നീതി നടപ്പാക്കണം
രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഇന്ത്യക്കില്ലെന്നും ഇന്ത്യന്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ ഐ.എസിന് കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞദിവസം ലഖ്‌നൗവില്‍ തന്നെ വന്നു കണ്ട മാധ്യമപ്രതിനിധികളോട് കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി രാജ്‌നാഥ് സിങ് വെളിപ്പെടുത്തിയത് സ്വാഗതാര്‍ഹം തന്നെ. നേരത്തെയും ഇതേ നിലപാട് ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ഒറ്റക്കെട്ടായി ഐ.എസ് ഇസ്‌ലാമികമല്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഈ ഭീകരസംഘടനയുടെ സൃഷ്ടാക്കള്‍ സാമ്രാജ്യത്വശക്തികളാണെന്നു ലോകം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്രാജ്യശക്തികള്‍ അവരുടെ താല്‍പര്യസംരക്ഷണാര്‍ഥം ഈ ഭീകരസംഘടനയെ വിവിധ മുസ്‌ലിംരാഷ്ട്രങ്ങളിലെ ഭരണസ്ഥിരത ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുത്തുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഐ.എസിനു സര്‍വ പിന്തുണയും നല്‍കുന്നത് അമേരിക്കയാണെന്നു കഴിഞ്ഞദിവസമാണ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തുറന്നടിച്ചത്. ഒരു ഭരണാധികാരി ഇങ്ങനെ പറയണമെങ്കില്‍ അത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല. ഇസ്‌ലാംവിരുദ്ധമായ ഈ സംഘടനയുടെ മറവില്‍ മുസ്‌ലിം യുവാക്കളെ ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്തു കൊല്ലങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയാണു ബി.ജെ.പി ഭരണകൂടവും എന്‍.ഐ.എയും.
ഇതിനെതിരേ എന്തുകൊണ്ടാണു രാജ്‌നാഥ് സിങ് പ്രതികരിക്കാത്തത്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ ആഴങ്ങള്‍ അറിഞ്ഞവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. മറ്റു മതവിഭാഗക്കാരെ വെറുക്കാനോ ആക്രമിക്കാനോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സഹവര്‍ത്തിത്വവും പരസ്പരസഹകരണവും സാഹോദര്യവും ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. അതുതന്നെയാണു മതനിരപേക്ഷതയും. അതിനാല്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും തീവ്രവാദികളാകാനോ ഭീകരവാദികളാകാനോ കഴിയില്ല.
എന്നിട്ടും ഇന്ത്യയില്‍ മുസ്‌ലിംചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടതാല്‍പ്പര്യങ്ങളാണ് അവസാനിപ്പിക്കേണ്ടത്. ഐ.എസ് വേട്ടയുടെ പേരില്‍ മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളെയും സ്ഥാപനമേധാവികളെയും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും ഐ.എസ് മുദ്രചാര്‍ത്തി അറസ്റ്റ് ചെയ്യുന്നതിനെതിരേ എന്തുകൊണ്ട് രാജ്‌നാഥ് സിങ് ശബ്ദിക്കുന്നില്ല.
ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഐ.എസ് സ്വാധീനമില്ലെന്നു പറഞ്ഞൊഴിയുകയും അവര്‍ക്കു നീതി നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. ഐ.എസിന്റെ പേരില്‍ ഇന്ത്യയിലെ മുസ്‌ലിം ജാഗരണത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കാരണം ചില മുസ്‌ലിം നാമധാരികളായ ചെറുപ്പക്കാര്‍ തെറ്റായ വഴിയിലൂടെ നീങ്ങുന്നുവെങ്കില്‍ അവര്‍ ഇസ്‌ലാമിന്റെ അന്തഃസത്തയെക്കുറിച്ച് അജ്ഞരായതുകൊണ്ടാണ്. നിരപരാധികളെ ഐ.എസുകാരായി ചിത്രീകരിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ പൊലിസ് പറയുന്നത് അപ്പടി വിശ്വസിച്ചു വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളും വലിയ ദ്രോഹമാണു ചെയ്യുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മുസ്‌ലിംകളെ ഐ.എസിനു സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മന്ത്രി രാജ്‌നാഥ് സിങ് പറയുമ്പോള്‍ നിരപരാധികളെ ഇതിന്റെ പേരില്‍ വേട്ടയാടുന്നത് അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കണമായിരുന്നു.
കശ്മിരില്‍ അടുത്തിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കുറവുവന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിലയിരുത്തല്‍. കശ്മിര്‍ നേരത്തെയും ശാന്തമായിരുന്നു. പ്രകോപനമില്ലാതെ ബുര്‍ഹാന്‍ വാനിയെന്ന ചെറുപ്പക്കാരനെ സൈന്യം വെടിവച്ചു കൊന്നതിനെത്തുടര്‍ന്നാണ് അവിടെ അസ്വസ്ഥമാകാന്‍ തുടങ്ങിയത്. അവസരം മുതലെടുത്തു പാകിസ്താന്‍ തീവ്രവാദികളെയും ഭീകരരെയും യഥേഷ്ടം ഇന്ത്യയിലേക്കു കടത്തിവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭരണാധികാരികളുടെ പക്കല്‍നിന്നുണ്ടാകുന്ന അനര്‍ഥങ്ങളാണു രാജ്യത്തു കുഴപ്പമുണ്ടാകുന്നതിന്റെ അടിസ്ഥാനം.
പശു ഭീകരര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു കത്തെഴുതിയിട്ടുണ്ടെന്നാണു രാജ്‌നാഥ് സിങ് പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന് ഇതു ബാധകമല്ലേ. കഴിഞ്ഞദിവസമാണു പശു ഭീകരര്‍ വീണ്ടും രാജസ്ഥാനില്‍ തലപൊക്കിയത്. ലോറിയില്‍ പശുക്കളെയും കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന അല്‍വാര്‍ സ്വദേശി ഉമര്‍മുഹമ്മദിനെ പശു ഭീകരര്‍ വെടിവച്ചു കൊന്നു. അതേസ്ഥലത്തു വച്ചുതന്നെയായിരുന്നു പഹലുഖാനെയും പശു ഭീകരര്‍ തല്ലിക്കൊന്നത്. ആ കേസിലെ പ്രതികളെ മുഴുവന്‍ രാജസ്ഥാന്‍ പൊലിസ് പുറത്തുവിട്ടു. ഉമര്‍ഖാന്റെ ഘാതകര്‍ക്കും വസുന്ധര രാജ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരില്‍നിന്നു നീതി കിട്ടുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഐ.എസ് നിരാകരണത്തെക്കുറിച്ച് ഊറ്റംകൊള്ളുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അവര്‍ക്കു നീതി കിട്ടുന്നതിലും ഉത്സുകനാകണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ആ ബാധ്യത നിറവേറ്റുകയെന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."