തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് പുതുതന്ത്രം
തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്നത് ഗുജറാത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായെയും അവിടുത്തെ ഫലം സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. ഗുജറാത്തില്‍ പ്രതികൂല കാലാവസ്ഥയാണെന്ന് ഇരുവര്‍ക്കുമറിയാം. വിവിധ ജാതി വിഭാഗങ്ങളുടെ നേതാക്കളായ അല്‍പേഷ് താക്കൂറും ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും പാര്‍ട്ടിക്കെതിരായ തീരുമാനമെടുത്തു എന്നതിനേക്കാള്‍ അവരെ ഞെട്ടിച്ചത് ഇവര്‍ മൂവരും കോണ്‍ഗ്രസിനൊപ്പം കൂടിയെന്ന വാര്‍ത്തയായിരിക്കും. ഗുജറാത്തില്‍ ഇനി അതിമോഹത്തിന് സാധുതയില്ലെന്നും ബി.ജെ.പിക്കു മനസിലായിട്ടുണ്ടാവണം. 2019ല്‍ കേന്ദ്ര ഭരണം നിലനിര്‍ത്തുന്നതിന്റെ പടികളിലൊന്നാണ് ഗുജറാത്തില്‍ ജയിച്ചുകയറുക എന്നത്. എന്നാല്‍, തോല്‍ക്കുമെന്ന ഭീതി മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ മോദിയെയും അമിത് ഷായെയും പ്രേരിപ്പിച്ചിരിക്കുന്നു എന്നാണ് പുതിയ നിലപാടുകളില്‍ നിന്നു മനസിലാക്കേണ്ടത്.
എ.ഐ.ഡി.എം.കെ
തമിഴ്‌നാട്ടില്‍ ഇരു ദ്രാവിഡ പാര്‍ട്ടികളും തുല്യ ശക്തികളാണ്. കഴിഞ്ഞ കുറേനാളുകളായി ജയലളിതയുടെ പ്രഭാവം കാര്യങ്ങള്‍ എ.ഐ.ഡി.എം.കെയെ അനിഷേധ്യ ശക്തിയാക്കിയെങ്കിലും അവരുടെ മരണം ആ പാര്‍ട്ടിക്ക് കനത്ത ആഘാതമായി. ജയലളിതയുടെ പ്രഭാവമുള്ള മറ്റ് നേതാക്കളൊന്നും ആ പാര്‍ട്ടിയിലില്ലതാനും. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന പാര്‍ട്ടികളായിരുന്നു മുമ്പ് കോണ്‍ഗ്രസും ബി.ജെ.പിയും. ഒരു പാര്‍ട്ടി എ.ഐ.ഡി.എം.കെയെ ചാക്കിട്ടാല്‍ സംശയിക്കേണ്ട, മറ്റേപ്പാര്‍ട്ടി ഡി.എം.കെയുടെ ഒപ്പം കൂടും. ഇത് സ്ഥിരം പല്ലവിയായിരുന്നുതാനും.
കോണ്‍ഗ്രസും ബി.ജെ.പിയും ജയലളിതയുടെ പാര്‍ട്ടിയോട് കൂട്ടുകൂടിയിട്ടുണ്ട്, തെരഞ്ഞെടുപ്പിലും അതിനുശേഷവും. അടുത്തിടെയായി ജയലളിതയ്ക്ക് കോണ്‍ഗ്രസായാലും ബി.ജെ.പിയായാലും ചതുര്‍ഥിയായിരുന്നല്ലോ. എന്നാല്‍, ജയലളിതയില്ലാത്ത തമിഴകത്ത് എന്തെങ്കിലും കാട്ടിക്കൂട്ടാനൊക്കുമോ എന്ന ഗവേഷണത്തിലാണ് ഇരു പാര്‍ട്ടികളും. പളനിസ്വാമിയും പനീര്‍ശെല്‍വവും മഞ്ഞുരുക്കത്തിലാണെങ്കിലും ശണ്ഠ ഏതു നിമിഷവുമുണ്ടായേക്കാമെന്ന ചിന്ത പ്രബലമായിരിക്കേയാണിത്.
ഡി.എം.കെ
ജയലളിതയോട് നേര്‍ക്കുനേര്‍ പോരടിക്കാന്‍ കെല്‍പുള്ള ഒരാള്‍ മാത്രമേ തമിഴ്‌നാട്ടിലുള്ളൂ എന്നാണ് വയ്പ്. സാക്ഷാല്‍ എം.കരുണാനിധി. രാഷ്ട്രതന്ത്രജ്ഞനായ കരുണാനിധിയെ സംബന്ധിച്ചിടത്തോളം ജയലളിതയില്ലാത്ത തെരഞ്ഞെടുപ്പിനോട് വലിയതാല്‍പര്യമുണ്ടാവാനിടയില്ല. വാശിയും വൈരാഗ്യവും മത്സരങ്ങള്‍ക്കുണ്ടാവില്ലെന്നതുതന്നെ കാരണം. എന്നാല്‍, മറ്റു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ജയലളിതയില്ലാത്ത എ.ഐ.ഡി.എം.കെയേക്കാള്‍ കരുണാനിധിയുള്ള ഡി.എം.കെയോടായിരിക്കും പ്രിയം. ഇതറിയാത്തയാളല്ല കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍. തെരഞ്ഞെടുപ്പാവുമ്പോഴേക്കും രാഷ്ട്രീയകാലാവസ്ഥയില്‍ മാറ്റം അദ്ദേഹം കാണുന്നുമുണ്ടാകണം. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ കണ്ടത് അതുതന്നെയാണ്.
കോണ്‍ഗ്രസ്
ജയലളിതയില്ലാത്തതിനാല്‍ സ്വാഭാവികമായും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാവാന്‍ തരമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കൂട്ടുകക്ഷിയായിരുന്ന ഡി.എം.കെയെ തുടര്‍ന്നും ഒപ്പം കൂട്ടിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന് ആ പാര്‍ട്ടി കരുതുന്നുമുണ്ട്. അതിനുള്ള ശ്രമത്തിലുമാണവര്‍. ഇടറുന്ന എ.ഐ.എ.ഡി.എം.കെ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും അവരോടടുത്തിട്ടുള്ള ബി.ജെ.പിക്കു സ്വാഭാവികമായും ആ തിരിച്ചടിയില്‍ അടിപതറുമെന്നും 2019ലെ അവരുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കാമെന്നും കോണ്‍ഗ്രസ് സ്വപ്നം കാണുന്നതിനിടെയാണ് മോദി സന്ദര്‍ശനവും പുതിയ സംഭവ വികാസങ്ങളും.
ബി.ജെ.പിയുടെ തന്ത്രം
അടുത്തിടെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള ചില ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ജയലളിതയില്ലാത്ത എ.ഐ.ഡി.എം.കെയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് അവരുടെ അസാന്നിധ്യം മൂലമാണെന്ന് വ്യക്തം. എ.ഐ.എ.ഡി.എം.കെയിലെ തര്‍ക്കം തീര്‍ക്കാന്‍ പ്രധാന റോള്‍ വഹിച്ചത് അവിടുത്ത ഗവര്‍ണറും ബി.ജെ.പിയുമാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്വാഭാവികമായും ബി.ജെ.പി ആ പാര്‍ട്ടിയുമായി ഐക്യത്തിലാണെന്നു മനസിലാക്കാന്‍ ഇതുതന്നെ ധാരാളമാണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് ആ പാര്‍ട്ടിയുമായി അടുക്കാന്‍ പ്രയാസപ്പെടേണ്ടിയുംവരും.
എന്നാല്‍, ഡി.എം.കെയുമായി ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസിന് എ.ഐ.എ.ഡി.എം.കെയുമായി ചെങ്ങാത്തത്തിന്റെ ആവശ്യം ഉയരുന്നതേയില്ല. ഇവിടെയാണ് ബി.ജെ.പി ഒരു മുഴം മുന്‍കൂട്ടി എറിഞ്ഞിരിക്കുന്നത്. തമിഴ് പത്രം ദിനതന്തിയുടെ 75ാം ജന്‍മദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴകത്തെത്തിയ മോദി അപ്രതീക്ഷിതമായി കരുണാനിധിയെ സന്ദര്‍ശിച്ചതാണ് സംഭവങ്ങള്‍ക്ക് ആധാരം. നോട്ട് നിരോധനത്തിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് കറുത്ത ദിനമായി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഡി.എം.കെ പിന്‍മാറുന്നിടം വരെയെത്തിച്ചു മോദിയുടെ സന്ദര്‍ശനം. ഡല്‍ഹിയില്‍ തന്റെ വസതിയില്‍ താമസിച്ച് ചികിത്സകള്‍ നടത്തരുതോ എന്ന മോദിയുടെ ചോദ്യം കരുണാനിധിയുടെ കരളലിയിക്കുന്നതായിരുന്നു.
കരുണാനിധിയെ സന്ദര്‍ശിക്കാന്‍ മുന്‍പദ്ധതിയിട്ടാണ് മോദി വന്നതെന്നു വ്യക്തം. മോദിയുടെ കടുത്ത വിമര്‍ശകനും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്‍ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഷാര്‍ജയിലായിരുന്ന സമയംതന്നെ മോദി ഇതിനു തെരഞ്ഞെടുത്തതാണ് കാരണം. മോദിയുടെ സന്ദര്‍ശനം അറിഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഷാര്‍ജയില്‍ നിന്നോടിയെത്തിയ സ്റ്റാലിനും ബി.ജെ.പിക്ക് അനുകൂല സംജ്ഞയാണ് നല്‍കുന്നത്. അതേസമയം ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇതൊരു ബന്ധത്തിന്റെ തുടക്കമല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്. അപ്പോള്‍, അര്‍ത്ഥം ഒന്നുമാത്രം.
കോണ്‍ഗ്രസിനെ അകറ്റുക. ഡി.എം.കെയുമായി കോണ്‍ഗ്രസ് ചങ്ങാത്തം തുടരാനുള്ള സാധ്യത ഇല്ലാതാക്കുക. ഇതാണ് ഈ സന്ദര്‍ശനത്തിലൂടെ ബി.ജെ.പിയും മോദിയും ലക്ഷ്യമിടുന്നതെന്നുവേണം കരുതാന്‍. ഒരു ദ്രാവിഡ കക്ഷിയെങ്കിലും ഒപ്പമില്ലാതെ ഒരു പാര്‍ട്ടിക്കും തമിഴ്‌നാട്ടില്‍ ഒന്നും കാട്ടാനാവില്ല. അപ്പോള്‍ ഒരു പാര്‍ട്ടിയെ കൂടെ നിര്‍ത്തുകയും മറ്റേപ്പാര്‍ട്ടിയുടെ സഖ്യസാധ്യതയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്താല്‍ തമിഴ്‌നാട്ടില്‍ നേട്ടം പ്രതീക്ഷിക്കാമെന്നു ബി.ജെ.പി കണക്കുകൂട്ടുന്നു. ഗുജറാത്തില്‍ പിഴച്ചാല്‍ കേന്ദ്രത്തില്‍ വീണ്ടും ചേക്കാറാന്‍ ഏതുകാലുപിടിക്കാനും തയാറായെന്നുചുരുക്കം. രാഷ്ട്രീയം അതാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."