ഹൈക്കോടതിയിലും പുറത്തും നാടകീയരംഗങ്ങള്‍
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും പുറത്തും നടന്നത് നാടകീയരംഗങ്ങള്‍. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ആദ്യം ചാണ്ടിയെ പിന്തുണച്ചെങ്കിലും പിന്നീട് ഉച്ചയ്ക്കുശേഷം ഗത്യന്തരമില്ലാതെ തള്ളിപ്പറയുകയായിരുന്നു.
രാവിലെ തോമസ് ചാണ്ടിയുടെ ഹരജി പരിഗണിച്ചപ്പോള്‍ തന്നെ ഹൈക്കോടതി മന്ത്രി തന്നെ സര്‍ക്കാരിനെതിരേ കോടതിയെ സമീപിക്കുന്നതിന്റെ അനുചിതം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹരജി സര്‍ക്കാരിന് എതിരല്ലെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ആദ്യം വ്യക്തമാക്കിയത്.
തോമസ് ചാണ്ടിയുടെ ഹരജി സര്‍ക്കാരിന് എതിരാണെന്ന കോടതിയുടെ വാദത്തിനിടയിലായിരുന്നു സര്‍ക്കാര്‍ മറുവാദം ഉന്നയിച്ചത്. എന്നാല്‍ ഹൈക്കോടതി വിമര്‍ശനം ശക്തമാക്കിയതോടെ സര്‍ക്കാര്‍ അഭിഭാഷകന് നിലപാട് തിരുത്തുകയായിരുന്നു. പിന്നീട് തോമസ് ചാണ്ടിയുടെ ഹരജി അപക്വമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
മന്ത്രിക്കെതിരേ ഡിവിഷന് ബെഞ്ച് കടുത്ത നിലപാട് എടുത്തതോടെ മന്ത്രി വ്യക്തിപരമായി ഹരജി നല്‍കിയതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഹരജിക്കാരന്റെ വാദത്തെ അനുകൂലിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയും ഉന്നയിച്ചത്.
ഹരജി പിന്‍വലിക്കുവാന്‍ ഹൈക്കോടതി അവസരം നല്‍കിയെങ്കിലും ഉച്ചയ്ക്ക് ശേഷം ഹരജി പിന്‍വലിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഉച്ചയ്ക്ക് ശേഷം കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ട് അഞ്ചുമണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ ഹരജി ഹൈക്കോടതി തള്ളിയത്.
എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹരജിയെന്നു തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന് വിവേക് തന്‍ഖ വാദിച്ചു. ഈ വാദവും കോടതി തള്ളി. ഒരേസമയം ഒരാള്‍ക്ക് വ്യക്തിയും മന്ത്രിയുമായി നില്ക്കാന് എങ്ങനെയാണ് കഴിയുകയെന്ന് ചോദിച്ച ഹൈക്കോടതി മന്ത്രിയെന്ന നിലയില്‍ മറ്റൊരു പെരുമാറ്റച്ചട്ടമാണ് ബാധകമാവുകയെന്നും ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."