രാജിവയ്ക്കാമെന്നു തോമസ് ചാണ്ടി; അസാധാരണ നടപടികളില്‍ നാണംകെട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: താന്‍ തല്ക്കാലം മന്ത്രിസ്ഥാനത്തുനിന്നു മാറിനില്ക്കാമെന്നു മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. രൂക്ഷമായാണ് മന്ത്രിമാര്‍ യോഗത്തില്‍ തോമസ് ചാണ്ടിയെ വിമര്‍ശിച്ചതെന്നാണ് സൂചന. രാജിവച്ചേ പറ്റൂ എന്നു മന്ത്രി ജി. സുധാകരന് യോഗത്തില്‍ നിലപാടെടുത്തു. ഒരു മാസമായി ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ നാണംകെട്ടിരിക്കുകയാണെന്നു സുധാകരന് പറഞ്ഞു. മന്ത്രി മാത്യൂ ടി തോമസ് അതിനെ പിന്താങ്ങുകയും ചെയ്തു.
തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാറിനെ നാണം കെടുത്തിയ സംഭവങ്ങളാണ് ഇന്നു തലസ്ഥാനത്ത് അരങ്ങേറിയത്. കായല്‍ കൈയേറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കാനാവില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാടില്‍ ഇടതുമുന്നണിയിലെ കടുത്ത അതൃപ്തി മറനീക്കി പുറത്തുവന്നു.
ഇന്നു രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ തോമസ് ചാണ്ടിയും എന്‍സിപി പ്രസിഡന്റ് പീതാംബരന് മാസ്റ്ററും രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് സാവകാശം ആവശ്യപ്പെട്ടു. കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതുവരെ കാത്തിരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു..
രാജിക്കാര്യം കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും തോമസ് ചാണ്ടി അറിയിച്ചു. എന്നാല്‍ ചര്‍ച്ചയെകുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രിയും പുറത്തുവിട്ടില്ല.
തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച അസാധാരണ നീക്കത്തിനും ഇന്നു തലസ്ഥാനം സാക്ഷിയായി. മുഖ്യമന്ത്രിയുടെ ചേംബറില്‍ മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ കാബിനില്‍ സിപിഐ മന്ത്രിമാര്‍ ഒന്നിച്ചുകൂടി.
രാജിക്കു സാവകാശം വേണമെന്ന എന്‍സിപിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത് ഇടതുമുന്നണി നേതാക്കളേയും അങ്കലാപ്പിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."