എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്
താനൂര്‍: ടോള്‍ബൂത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്യുന്ന താനൂര്‍ എം.എല്‍.എ വി അബ്ദുറഹ്മാന്റെ ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിലെ ടോള്‍ ബൂത്തിലെ ജീവനക്കാരനെയാണ് എം.എല്‍.എ കൈയേറ്റം ചെയ്തത്. ടോള്‍ബൂത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തായത്. തിങ്കളാഴ്ച വൈകിട്ട് 3.56നാണ് സംഭവമെന്ന് ദൃശ്യങ്ങളിലുണ്ട്. എം.എല്‍.എ ബോര്‍ഡില്ലാത്ത വാഹനം കണ്ടപ്പോള്‍ ടോള്‍ ബൂത്ത് ജീവനക്കാരന് ഡ്രൈവറോട് ടോള്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ മുന്‍സീറ്റിലിരുന്ന എം.എല്‍.എ. ചാടിയിറങ്ങുകയും ഓടിച്ചെന്ന് ടോള്‍ ആവശ്യപ്പെട്ട ജീവനക്കാരന്റെ പിരടിക്ക് പിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ടോള്‍ ബൂത്തിന് ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് മൂലക്കലിലാണ് എം.എല്‍.എയുടെ ഓഫിസ്. ദൃശ്യം പുറത്തായതോടെ എം.എല്‍.എക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍ ടോള്‍ ജീവനക്കാര്‍ തട്ടിക്കയറിയെന്നും ഗുണ്ടാപിരിവ് നടത്തുന്നതുപോലുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും വി അബ്ദുറഹ്മാന് എം.എല്‍.എ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നഗരത്തില്‍ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടേ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ദേവധാര്‍ ടോള്‍ബൂത്തിലെ ജീവനക്കാരനെ കൈയേറ്റം ചെയ്ത താനൂര്‍ എം.എല്‍.എ അബ്ദുറഹ്മാന്റെ നടപടി അപലപനീയമാണെന്ന് താനൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."