അത്തിമരം തണലിന് മാത്രമല്ല; രുചിയൂറും വിഭവങ്ങളും ഔഷധവും തരും
തിരൂര്‍: അത്തിമരം തണലിന് മാത്രമായി നട്ടുവളര്‍ത്തുന്നവരോട് ഈ കുട്ടികള്‍ക്ക് ചിലത് പറയാനുണ്ട്. അത്തിപ്പഴം കൊണ്ട് 18 വിഭവങ്ങള്‍. മനുഷ്യന് മാത്രമല്ല. കന്നുകാലികള്‍ക്കും കോഴികള്‍ക്കുമുണ്ട് വിഭവങ്ങള്‍. ഇതിനുപുറമെ സ്‌പെഷല്‍ അത്തി കീടനാശിനിയും വൈനുമുണ്ട്.
കിഴിശ്ശേരി ഉപജില്ലയിലെ പുല്‍പ്പറ്റ തോട്ടേക്കാട് എ.യു.പി സ്‌കൂളില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ വി ഹിബ റസാഖ്, എം അവന്തിക എന്നിവരാണ് അത്തിയുടെ അമൂല്യഔഷധഗുണങ്ങളുള്ള വിഭവങ്ങള്‍ പരിചയപ്പെടുത്തിയത്. ഔഷധഗുണമുള്ള പായസം, അച്ചാറുകള്‍, കൊണ്ടാട്ടം എന്നിവയ്ക്ക് പുറമെ വൈന്‍, കാലിത്തീറ്റ തുടങ്ങി അത്തികൊണ്ടുള്ള 18 വിഭവങ്ങളൊരുക്കി കാണികളെ ആശ്ചര്യപ്പെടുത്തിയത്. ഏഴാം തരം പാഠപുസ്തകത്തിലെ ' സുരക്ഷ ഭക്ഷണത്തില്‍' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു അത്തി വിഭവ പ്രദര്‍ശനം. ആനക്കയം കാര്‍ഷികഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു കുട്ടികളുടെ മുന്നൊരുക്കം. സ്‌കൂളിലെ അധ്യാപകരായ എം.പി ശോഭന, പി.ആര്‍ റീന, പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും അത്തി വിഭവങ്ങളുമായി ശാസ്‌ത്രോത്സവ വേദിയില്‍ ശ്രദ്ധേയരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."