ജി.എസ്.ടി വീഴ്ചയാണ് വിലവര്‍ധനക്കു കാരണം: മന്ത്രി ഐസക്
കോഴിക്കോട്: ചരക്കുസേവന നികുതി (ജി.എസ്.ടി) വഴി ജനങ്ങളുടെ നികുതിഭാരം കുറയുകയും ഉല്‍പാദനം വര്‍ധിക്കുകയും നികുതി വരുമാനം കൂടുകയുമാണ് ചെയ്യേണ്ടതെങ്കില്‍ മിറച്ചാണ് സംഭവിച്ചതെന്ന് മന്ത്രി തോമസ് ഐസക്.
സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ 'ജി.എസ്.ടിയും നവകേരള വികസനവും' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം.
എക്‌സൈസ് നികുതി, കേന്ദ്ര വില്‍പന നികുതി, മൂല്യവര്‍ധിത നികുതി തുടങ്ങിയ വിവിധതരം നികുതികള്‍ക്കു പകരം ഒറ്റനികുതി സംവിധാനത്തിലൂടെ നികുതിക്കുമേല്‍ നികുതിയെന്ന പഴയ രീതിയാണ് ഇല്ലാതായത്. ഇതോടെ നികുതിഭാരം കുറയുക വഴി ഉല്‍പന്നങ്ങളുടെ വില കുറയേണ്ടതാണ്. എന്നാല്‍ കമ്പനികള്‍ ഉല്‍പന്നങ്ങളുടെ വിലകൂട്ടി ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിച്ചു. ഇതു തടയാന്‍ കേന്ദ്രത്തിനായില്ല. ജനങ്ങളെ കൊള്ളയടിച്ചാലും കോര്‍പറേറ്റുകളെ തൊടാനാവില്ല എന്ന നയമാണ് ജി.എസ്.ടിയില്‍ ഇളവു നല്‍കിയിട്ടും വില കൂടിക്കൊണ്ടിരിക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ സെക്രട്ടറി പി. വേണുഗോപാലന്‍ അധ്യക്ഷനായി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മഹ്ബൂബ്, സഹകരണ അഡിഷണല്‍ രജിസ്ട്രാര്‍ സി. വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."