രോഗികള്‍ ക്യൂവില്‍ നില്‍ക്കെ പരിശോധന മതിയാക്കി ഡോക്ടര്‍മാര്‍ മടങ്ങി
പുതിയതെരു: നിരവധി രോഗികള്‍ കാത്തുനില്‍ക്കെ പൂഴാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ടു ഡോക്ടര്‍മാരും പരിശോധന അവസാനിപ്പിച്ച് മടങ്ങി. ഇത് രോഗികളും കൂടെ വന്നവരും പി.എച്ച്.സിയിലെ മറ്റ് ജീവനക്കാരുമായി വാക്കേറ്റത്തിനിടയാക്കി.
ഇന്നലെ രാവിലെ 10.30 ഓടെയാണ് പൂഴാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ടു ഡോക്ടര്‍മാരും പരിശോധന നിര്‍ത്തിവച്ചത്. ഈ സമയം 60 ലേറെ രോഗികള്‍ ക്യൂവിലുണ്ടായിരുന്നു. പ്രതിരോധ കുത്തിവയ്പ്പിന് പോകണമെന്നു പറഞ്ഞാണ് ഡോക്ടര്‍മാര്‍ പരിശോധന അവസാനിപ്പിച്ചതെന്ന് രോഗികള്‍ പറഞ്ഞു.
രാവിലെ ഒന്‍പതിന് ഡോക്ടര്‍മാരുടെ പരിശോധന ആരംഭിച്ചിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ 10.30 ആയതോടെ ആകെയുണ്ടായിരുന്ന പുരുഷ ഡോക്ടറും വനിതാ ഡോക്ടറും പരിശോധന നിര്‍ത്തി പോകുകയായിരുന്നു. ഡോക്ടര്‍മാര്‍ കുറച്ചു സമയമേ ഉണ്ടാകുകയുള്ളൂവെന്ന കാര്യം നേരത്തെ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയോ മറ്റോ ചെയ്തിരുന്നുവെങ്കില്‍ പ്രയാസപ്പെടേണ്ടി വരില്ലായിരുന്നുവെന്നും രോഗികള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ മുഴുവന്‍ രോഗികളെയും പരിശോധിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.ഒയ്ക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."