നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ അജ്ഞാത മൃതദേഹം കുഴിച്ചിട്ട നിലയില്‍. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫിസിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ പുറകുവശത്തെ മുറിക്കുള്ളില്‍ ചാക്കില്‍ കയറ് കൊണ്ട് കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങളുടെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഒരു മാസം മുന്‍പ് ഈ മുറിയില്‍ മണ്ണ് ഇളക്കിയ നിലയില്‍ കണ്ടിരുന്നു. ബുധനാഴ്ച വീടുപണി എടുക്കുന്ന മണിയെന്ന ജോലിക്കാരന് തറ നിരപ്പില്‍നിന്ന് മണ്ണ് താഴ്ന്ന് നില്‍ക്കുന്നത് കണ്ട് സംശയം തോന്നി കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാന്തി നോക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
വിവരമറിഞ്ഞ് മാനന്തവാടി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു.
ഇന്ന് സബ് കലക്ടര്‍ ഉമേഷ് എന്‍.എസ്.കെയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് അധികൃതര്‍ സ്ഥലത്ത് വച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."