ബാബരി മസ്ജിദ്: കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പില്‍ ആര്‍.എസ്.എസില്‍ ഭിന്നത
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള നീക്കങ്ങളില്‍ ആര്‍.എസ്.എസിനുള്ളില്‍ ഭിന്നത. കേസില്‍ ഒത്തുതീര്‍പ്പിനായി വിവാദ ആള്‍ദൈവം ശ്രീശ്രീ രവിശങ്കറും ഒരുവിഭാഗം ശീഈനേതാക്കളും ശ്രമംനടത്തിവരുന്നതിനിടെയാണ് ആര്‍.എസ്.എസിനകത്തുതന്നെ എതിര്‍പ്പുയര്‍ന്നത്. രവിശങ്കറിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്, സുപ്രിംകോടതി മുന്‍പാകെയുള്ള കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാവട്ടെ എന്നും അതിനുശേഷം അടുത്ത സാധ്യതകള്‍ ആലോചിക്കാമെന്നും വ്യക്തമാക്കി. നിയമനടപടികള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കോടതി തന്നെ നിലപാട് അറിയിക്കട്ടെ- രാംമാധവ് വ്യക്തമാക്കി. രവിശങ്കര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് രാംമാധവിന്റെ പ്രസ്താവന. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ വലംകൈയായി അറിയപ്പെടുന്ന രാംമാധവ്, ആര്‍.എസ്.എസിന്റെ ഉന്നതനേതൃസ്ഥാനത്തു നിന്ന് അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
അതേസമയം, തര്‍ക്കത്തില്‍ സുപ്രിംകോടതിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാംനായിക് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണത്. ചര്‍ച്ചയ്ക്കു ശേഷം ബന്ധപ്പെട്ട കക്ഷികള്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ടുവന്നാല്‍ നല്ലകാര്യമാണ്. മധ്യസ്ഥശ്രമങ്ങള്‍ വിജയിക്കട്ടെയെന്നും ആശംസിക്കുന്നു. എന്നാലും കേസില്‍ അന്തിമതീര്‍പ്പ് സുപ്രിംകോടതിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും രവിശങ്കര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. തര്‍ക്കം 2019നു മുന്‍പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് ഏതെങ്കിലും ഫോര്‍മുല മുന്നോട്ടുവച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വൈകിട്ടോടെ അദ്ദേഹം സംസ്ഥാനത്തെ ശീഈ നേതാക്കളെയും കണ്ടു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന് പറഞ്ഞ ആദിത്യനാഥ്, മധ്യസ്ഥശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് അയോധ്യാസന്ദര്‍ശനം രവിശങ്കര്‍ വെളിപ്പെടുത്തിയത്. എല്ലാ വിഭാഗം ആളുകളുമായും സംസാരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും തനിക്ക് മറ്റൊരു അജന്‍ഡയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശീഈ നേതാക്കളും സംഘ്പരിവാര്‍ നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെയും പരോക്ഷപിന്തുണയോടെ രവിശങ്കറും കോടതിക്ക് പുറത്ത് മധ്യസ്ഥ ചര്‍ച്ചയ്ക്കു ശ്രമിച്ചതോടെയാണ്, ഒരിടവേളയ്ക്കു ശേഷം ബാബരി മസ്ജിദ് കേസ് വീണ്ടും സജീവമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പിന്തുണയും രവിശങ്കറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ഏതാനും മുസ്‌ലിം നേതാക്കളുമായി രാജ്‌നാഥ്‌സിങ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
1992 ഡിസംബര്‍ ആറിന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ കേസുകളുണ്ടെങ്കിലും പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസില്‍ അടുത്തമാസം സുപ്രിംകോടതി വാദംകേള്‍ക്കാനിരിക്കുകയാണ്. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധിക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം. ഇത് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് നീക്കം നടക്കുന്നത്.
സംശയംപ്രകടിപ്പിച്ച് വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: രവിശങ്കറിന്റെ മധ്യസ്ഥനീക്കങ്ങളില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി സംശയം പ്രകടിപ്പിച്ചു. മധ്യസ്ഥനീക്കങ്ങളെ പിന്തുണച്ച ശീഈ നേതാക്കളുടെ നടപടി അനാവശ്യമാണ്.
എല്ലാവിഭാഗം ആളുകളുമായും ചര്‍ച്ച നടത്തുമെന്നാണ് രവിശങ്കര്‍ പറയുന്നതെങ്കിലും അദ്ദേഹം ഇതുവരെ ബോര്‍ഡ് ഭാരവാഹികളുമായി സംസാരിച്ചിട്ടില്ല. 12 വര്‍ഷം മുന്‍പും രവിശങ്കര്‍ മധ്യസ്ഥനീക്കം നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം പള്ളി നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണം എന്ന വിചിത്ര നിലപാട് സ്വീകരിച്ച രവിശങ്കര്‍, ഇപ്പോഴത്തെ ചര്‍ച്ചയുടെ ഫോര്‍മുല വെളിപ്പെടുത്തണമെന്നും വലി റഹ്മാനി ആവശ്യപ്പെട്ടു. തര്‍ക്കം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കേണ്ട വിഷയമല്ലെന്നും കോടതി തന്നെ പരിഹരിക്കട്ടെയെന്നുമാണ് ബോര്‍ഡിന്റെയും മറ്റുമുസ്‌ലിം സംഘടനകളുടെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."