ഐ.എസ്.എല്‍ പൂരത്തിന് നാളെ കിക്കോഫ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം അധ്യായത്തിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരം കൊച്ചിയിലെ മണ്ണിലാണ് അരങ്ങേറുന്നത്. എട്ടില്‍ നിന്ന് ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ അധ്യായമാണ് ഇത്തവണത്തേത്. മത്സരങ്ങളുടെ എണ്ണം കൂടിയതോടെ ലീഗിന്റെ ദൈര്‍ഘ്യം ഏതാണ്ട് അഞ്ച് മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്. അമര്‍ തൊമര്‍ കൊല്‍ക്കത്ത, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്.സി, ഡല്‍ഹി ഡൈനാമോസ്, എഫ്.സി ഗോവ, എഫ്.സി പൂനെ സിറ്റി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, മുംബൈ സിറ്റി എഫ്.സി എന്നിവര്‍ക്ക് പുറമേ ജംഷഡ്പൂര്‍ എഫ്.സി, ബംഗളൂരു എഫ്.സി എന്നിവയാണ് ലീഗിലെ പുതുമുഖങ്ങള്‍. നാളെ തുടങ്ങി 2018 മാര്‍ച്ച് 17ന് ഫൈനല്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ലീഗ് പോരാട്ടങ്ങള്‍.
കഴിഞ്ഞ സീസണിലെ ഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമെന്നോണം ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- നിലവിലെ ചാംപ്യന്‍മാരായ അമര്‍ തൊമര്‍ (എ.ടി.കെ) കൊല്‍ക്കത്തയെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം.
അമര്‍ തൊമര്‍ കൊല്‍ക്കത്ത
നിലവിലെ ചാംപ്യന്‍മാര്‍. മൂന്ന് സീസണുകളില്‍ രണ്ടിലും ചാംപ്യന്‍മാരെന്ന നേട്ടം. ടെഡ്ഡി ഷെറിങ്ഹാമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. കരുത്തുറ്റ നിരയെയാണ് ഇത്തവണയും രംഗത്തിറക്കുന്നത്. വെറ്ററന്‍ ഇതിഹാസം റോബി കീനിനെ ടീമിലെത്തിച്ചെങ്കിലും പരുക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. എങ്കിലും തുടക്കത്തിലെ ചില കളികളില്‍ താരമുണ്ടാകില്ലെങ്കിലും പിന്നീട് ടീമിനൊപ്പം ചേരും. ഇന്ത്യന്‍ താരങ്ങളായ യൂജിന്‍സെന്‍ ലിങ്‌ദോ, റോബിന്‍ സിങ് എന്നിവരും ടീമിന്റെ കരുത്ത്.
കേരള ബ്ലാസ്റ്റേഴ്‌സ്
രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹ പരിശീലകന്‍ റെനെ മ്യൂളെന്‍സ്റ്റീനാണ് ഇത്തവണ ടീമിനെ പരിശീലിപ്പിക്കുന്നത്. ആദ്യ സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇയാന്‍ ഹ്യൂം വീണ്ടും ടീമില്‍ തിരിച്ചെത്തി. ബള്‍ഗേറിയന്‍ ഇതിഹാസം ദിമിത്രി ബെര്‍ബെറ്റോവും ടീമിന് കരുത്തായി ഇത്തവണയുണ്ട്. മലയാളി താരം സി.കെ വിനീത്, ഗോള്‍ കീപ്പറായി സന്ദീപ് നന്ദി, പ്രതിരോധത്തില്‍ വിശ്വസ്തനായ സന്ദേശ് ജിങ്കന്‍, മധ്യനിരയില്‍ അരാറ്റ ഇസുമി തുടങ്ങിയവരും കരുത്തായുണ്ട്.
ബംഗളൂരു എഫ്.സി
കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസമുണ്ടാക്കിയ ടീമാണ് ബംഗളൂരു എഫ്.സി. രണ്ട് തവണ ഐ ലീഗ് ചാംപ്യന്‍മാര്‍, ഒരു തവണ രണ്ടാം സ്ഥാനം, രണ്ട് തവണ ഫെഡറേഷന്‍ കപ്പ് കിരീടം, എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീം തുടങ്ങിയ മികച്ച നേട്ടങ്ങള്‍ സ്വന്തം. ഐ.എസ്.എല്ലില്‍ ആദ്യമായി എത്തുന്നു. ആല്‍ബര്‍ട്ട് റോക്കയാണ് പരിശീലകന്‍. എട്ട് വിദേശ താരങ്ങളില്‍ അഞ്ച് പേരും സ്‌പെയിനില്‍ നിന്നാണ് എന്നതാണ് ടീമിന്റെ പ്രത്യേകത. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് കുന്തമുന.
ചെന്നൈയിന്‍ എഫ്.സി
രണ്ടാം സീസണിലെ ജേതാക്കള്‍. മുന്‍ ആസ്റ്റണ്‍വില്ല പരിശീലകന്‍ ജോണ്‍ ഗ്രിഗറിയാണ് ഇത്തവണ ടീമിനെ ഒരുക്കുന്നത്. ഹെന്റിക്ക് സെറെനോയാണ് ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ പോര്‍ച്ചുഗല്‍ താരവും നേരത്തെ അമര്‍ തൊമര്‍ കൊല്‍ക്കത്ത താരവുമായിരുന്നു സെറെനോ. ജെജെ ലാല്‍പെഖുല, ജെറി ലാല്‍റിന്‍സ്വല എന്നിവരും ശ്രദ്ധേയ താരങ്ങള്‍. മലയാളി താരം മുഹമ്മദ് റാഫി ഇത്തവണ ചെന്നൈയിന്‍ ടീമിനൊപ്പമാണ്.
ഡല്‍ഹി ഡൈനാമോസ്
മൂന്ന് സീസണിലും പ്രതീക്ഷയോടെ എത്തി നിരാശരാകേണ്ടി വന്ന ടീമാണ് ഡല്‍ഹി. ആദ്യ സീസണില്‍ അഞ്ചും രണ്ടാം സീസണില്‍ നാലും കഴിഞ്ഞ തവണ മൂന്നും സ്ഥാനങ്ങളില്‍. മിഗ്വെല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗലാണ് ടീമിന്റെ കോച്ച്. നൈജീരിയന്‍ താരം കാലു ഉചെ അടക്കമുള്ള കരുത്തര്‍ വിദേശ സാന്നിധ്യമായി ടീമില്‍. പ്രിതം കോട്ടാല്‍, പ്രതിക് ചൗധരി, വിനിത് റായ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമില്‍.
എഫ്.സി ഗോവ
രണ്ടാം സീസണിലെ രണ്ടാം സ്ഥാനക്കാര്‍. കഴിഞ്ഞ സീസണില്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്രസീല്‍ ഇതിഹാസം സീക്കോയ്ക്ക് പകരം ഇത്തവണ സ്‌പെയിനില്‍ നിന്ന് സെര്‍ജിയോ ലൊബെറോയാണ് ടീമിനെ പരിശീലിപ്പിക്കാന്‍ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ആറ് സ്പാനിഷ് താരങ്ങളാണ് ടീമിലുള്ളത്. നാരയണ്‍ ദാസ്, ചിംഗെല്‍സെന സിങ്, മന്ദര്‍ റാവു ദേശായ് തുടങ്ങി ഒരുപിടി മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം.
ജംഷഡ്പൂര്‍ എഫ്.സി
നടാടെ ലീഗില്‍. ഇന്ത്യന്‍ ഫുട്‌ബോളിന് കനപ്പെട്ട താരങ്ങളെ സംഭാവന ചെയ്ത ടാറ്റ അക്കാദമിയുടെ നടത്തിപ്പുകാര്‍ രൂപീകരിച്ച ആദ്യ ടീം. കഴിഞ്ഞ സീസണില്‍ തന്ത്രങ്ങളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയത്തിച്ച കോപ്പലാശാനെന്ന സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂരിന് ഇത്തവണ തന്ത്രങ്ങളോതുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരവും മലയാളിയുമായ അനസ് എടത്തൊടികയുടെ സാന്നിധ്യം ടീമിന് കരുത്ത്. മുന്‍ കൊല്‍ക്കത്ത താരം ദക്ഷിണാഫ്രിക്കയുടെ സമീഗ് ദ്യുതിയടക്കമുള്ള വിദേശ താരങ്ങളുടെ സാന്നിധ്യം. സുബ്രതോ പാല്‍, സൗവിക് ഘോഷ്, മെഹ്താബ് ഹുസൈന്‍, സമീത് പസ്സി, ബികാസ് ജയ്‌റു, സൗവിക് ചക്രബര്‍ത്തി തുടങ്ങിയ മികച്ച ഇന്ത്യന്‍ താരങ്ങളും ടീമില്‍.
മുംബൈ സിറ്റി എഫ്.സി
ആദ്യ സീസണില്‍ മൂന്നാം സ്ഥാനം വരെയെത്തിയ മുംബൈ പിന്നീടുള്ള രണ്ട് സീസണിലും നിറംമങ്ങിപ്പോയ ടീമാണ്. ഇത്തവണ കോസ്റ്റ റിക്കന്‍ കോച്ച് അലക്‌സാന്ദ്രെ ഗ്യുമാറെസാണ് പരിശീലകന്‍. അഞ്ച് ബ്രസീല്‍ താരങ്ങളാണ് ടീമിലുള്ളത്. ഫ്‌ളെംമഗോയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ കളിക്കാനെത്തുന്ന തിയാഗോ സാന്റോസ് മധ്യനിര നിയന്ത്രിച്ചേക്കും. ഗോള്‍ കീപ്പര്‍ അമരിന്ദര്‍ സിങ്, സഞ്ജു പ്രധാന്‍, രാജു ഗെയ്ക്‌വാദ്, അരിന്ദം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘവും ടീമിന്റെ കരുത്ത്. മധ്യനിര താരവും മലയാളിയുമായ സക്കീര്‍ മുണ്ടപാറയും ടീമിലുണ്ട്.
നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്
വിഭവങ്ങളേറെയുണ്ടായിട്ടും കഴിഞ്ഞ മൂന്ന് സീസണിലും മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ വടക്കുകിഴക്കന്‍ ടീമിന് സാധിച്ചില്ല. ഇന്ത്യയുടെ ഫുട്‌ബോള്‍ ഫാക്ടറിയായി മാറിക്കൊണ്ടിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളെ പരിശീലിപ്പിക്കുന്നത് പോര്‍ച്ചുഗീസുകാരന്‍ ജാവോ ഡി ഡയസ്. മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യം. മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്നേഷിന്റെ സാന്നിധ്യമാണ് അവരുടെ കരുത്ത്. ലാല്‍റിന്‍ഡിക റാല്‍റ്റെ, ലാല്‍റെംപ്യുയ തുടങ്ങിയവരും ശ്രദ്ധേയ താരങ്ങള്‍.
എഫ്.സി പൂനെ സിറ്റി
മൂന്ന് സീസണിലും നിരാശജനകമായ പ്രകടനം നടത്തിയ ഏക ടീമാണ് പൂനെ. ആദ്യ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അന്റോണിയോ ഹബാസിനെ കോച്ചായി കഴിഞ്ഞ തവണ എത്തിച്ചിട്ടും അവര്‍ക്ക് രക്ഷ കിട്ടിയില്ല. ഇത്തവണ സെര്‍ബിയക്കാരന്‍ റാങ്കോ പൊപോവിചാണ് കോച്ച്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച ശീലിച്ച ഉറുഗ്വെ താരം എമിലിയാനോ ആല്‍ഫരോ പ്രധാന താരങ്ങളില്‍ ഒരാള്‍. ബല്‍ജിത് സാഹ്‌നി, വിശാല്‍ കെയ്ത്, ലാല്‍ചുന്‍മാവിയ എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിന്റെ ശക്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."