ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: ഏഴു പേരില്‍ നിന്നായി 12.10 ലക്ഷം രൂപ തട്ടിയതായി പരാതി
കാസര്‍കോട്: ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴുപേരില്‍ നിന്നായി യുവാവ് 12.10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മാനന്തവാടി കണിയാരം വേലക്കാട് ഹൗസിലെ വി.ഡി ശ്യാമിന്റെ (34) പരാതിയില്‍ കണ്ണൂര്‍ മാടായിലെ റൂബിന്‍ ജോസഫ് ഫിലിപ്പി(30)നെതിരേ കാസര്‍കോട് പൊലിസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു.
ശ്യാം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുന്ന സമയത്ത് ഹോട്ടലിലെ ലോഡ്ജില്‍ താമസക്കാരനായിരുന്നു റൂബിന്‍ ജോസഫ് ഫിലിപ്പ്. ഇവിടെ വച്ച് ഇരുവരും പരിചയത്തിലായി. തന്റെ ഭാര്യ ഹോങ്കോങ്ങിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും ഈ കമ്പനിയില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്നും ശ്യാമിനോട് പറഞ്ഞു. ഒരു വിസക്ക് രണ്ടര ലക്ഷം രൂപയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. റൂബിന്‍ ജോസഫിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നാത്ത ശ്യാം സുഹൃത്തുക്കളായ കിരണ്‍, ഉമേശ്, വിനോദ്, രാജന്‍, സതീശന്‍, സുനീഷ് എന്നിവരുടെ വിവരവും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പണം സ്വരൂപിച്ചു കഴിഞ്ഞ മാസം 27ന് കണ്ണൂരിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് 9.10 ലക്ഷം രൂപയുടെ ചെക്ക് റൂബിന്‍ ജോസഫിനു നല്‍കുകയായിരുന്നു.
എറണാകുളം എസ്.ബി.ടി ബ്രാഞ്ചിലേക്കാണു റൂബിന്റെ പേരില്‍ ചെക്ക് നല്‍കിയത്. പിന്നീട് 29നു കണ്ണൂരിലെ ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് വീണ്ടും മൂന്നു ലക്ഷം രൂപ നല്‍കുകയായിരുന്നു. പണം നല്‍കിയ ഏഴു പേരും റൂബിന്‍ ജോസഫുമായി നിരന്തരം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഈ മാസം 12ന് ഹോങ്കോങ്ങില്‍ പോകാന്‍ തയാറായിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ഇവര്‍ തയാറായി. 12നു റൂബിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതേ തുടര്‍ന്ന് ഏഴു പേരും മാടായിയില്‍ എത്തി. റൂബിന്‍ ജോസഫ് ഫിലിപ്പിനെ അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാള്‍ ഇവിടെ ഇല്ലെന്നാണു നാട്ടുകാര്‍ പറഞ്ഞത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ സംഘം കാസര്‍കോട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
യുവാവ് ഇത്തരത്തില്‍ വേറെയും തട്ടിപ്പ് നടത്തിയതായാണ് പൊലിസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."