എം.ബി.ബി.എസ് ഫീസ്ഘടനക്ക് പുല്ലുവില; സ്വകാര്യ കോളജുകള്‍ തട്ടിയെടുക്കുന്നത് കോടികള്‍
കോഴിക്കോട്: സ്വകാര്യ സ്വാശ്രയ എം.ബി.ബി.എസ് കോഴ്‌സിന് എ.എഫ്.ആര്‍.സി(അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിഷന്‍) നിശ്ചയിച്ച ഫീസ്ഘടനക്ക് കാറ്റില്‍പറത്തി കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തിരിച്ചറിയല്‍ കാര്‍ഡ്, വാഹനസൗകര്യം തുടങ്ങിയവയുടെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുക്കുന്നത് കോടികള്‍.
എ.എഫ്.ആര്‍.സിയുടെ ഫീസ് ഘടന പ്രകാരം എം.ബി.ബി.എസ് കോഴ്‌സിന് എല്ലാ ചെലവുകളും ഉള്‍പ്പെടെ മെറിറ്റ്‌സീറ്റില്‍ 4.8 ലക്ഷമാണ് ഫീസ് നിശ്ചയിച്ചയിച്ചിരിക്കുന്നത്. എന്നാല്‍ 20 രൂപ മാത്രം വരുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ഈടാക്കുന്നത് 600 രൂപ! എ.എഫ്.ആര്‍.സിയുടെ ഫീസ് നിശ്ചയിക്കല്‍ അഡ്മിഷന്‍ പൂര്‍ത്തിയാവുന്നതിനു മുന്‍പ് നടക്കാതെപോയതാണ് വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അവസരം ഒരുക്കിയത്.
ലൈബ്രറി ഫീ 6,000, എക്‌സാമിനേഷന്‍ ഫീ 10,000, സ്റ്റുഡന്റ് ഫണ്ട് 25,000, എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് 20,000, ലാബ് ഫീ 5,000, യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഫീസ് 10,000, യൂനിവേഴ്‌സിറ്റി യൂനിയന്‍ ഫീ 400, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ 20,000 എന്നിങ്ങനെ വിവിധ പേരുകളിലാണ് മലബാറിലെ പ്രധാനപ്പെട്ട ഒരുസ്വകാര്യ മെഡിക്കല്‍കോളജ് 1.72 ലക്ഷത്തോളം ഈടാക്കുന്നത്. ഈ സ്ഥാപനത്തിലെ 150 കുട്ടികളില്‍ നിന്ന് ഒരു വര്‍ഷം ഈ രീതിയില്‍ കൈക്കലാക്കുന്നത് 2.58 കോടി രൂപ. ചില മെഡിക്കല്‍ കോളജുകള്‍ രണ്ടര ലക്ഷം രൂപ വരെ ഓരോ വിദ്യാര്‍ഥിയില്‍നിന്നും പ്രതിവര്‍ഷം ഈടാക്കുന്നുണ്ട്.
അതേസമയം അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ മെറിറ്റില്‍ 45 ശതമാനം സീറ്റിലേക്ക് 77,000 രൂപമാത്രമാണ് പ്രതിവര്‍ഷം ഈടാക്കുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന 40 ശതമാനം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നതാകട്ട 6.4 ലക്ഷവും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ടയാണ്.
സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ 21 മെഡിക്കല്‍ കോളജുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ മൊത്തം 2,400 സീറ്റാണ് എം.ബി.ബി.എസിനുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ എട്ട് മെഡിക്കല്‍ കോളജുകളിലായി 1,200 സീറ്റും ഒപ്പം സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ 100 സീറ്റും ഉള്‍പ്പെടെ സംസ്ഥാനത്തെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 3,700 ആണ്. 75 ശതമാനം സീറ്റും സ്വകാര്യ മേഖലയിലാണെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.
ഈ അധ്യയനവര്‍ഷം മുതല്‍ 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ട ഒഴികെയുള്ള 85 ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് നല്‍കണമെന്നും സ്വാശ്രയ കോളജുകള്‍ ലാഭമുണ്ടാക്കാനുള്ള കേന്ദ്രങ്ങളാവരുതെന്നും ഇനാംദാര്‍ കേസിലും ടി.എം.എ പൈ ഫൗണ്ടേഷന്‍ കേസിലും സുപ്രിം കോടതി വിധിച്ചിരുന്നു. ഈ വിധി ലംഘിച്ചാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പകല്‍ക്കൊള്ള.
നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് രണ്ടര ലക്ഷം വീതം ഈടാക്കിയാലും മാന്യമായ ലാഭത്തോടെ സ്വാശ്രയ എം.ബി.ബി.എസ് കോഴ്‌സ് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കര്‍ണാടക നല്‍കുന്ന പാഠം.
സ്വാശ്രയമേഖലയിലെ പകല്‍ക്കൊള്ളക്ക് തടയിടാനായി കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ നിയമസഭ ഈയിടെ പാസാക്കിയിരുന്നു. ഇതിനെതിരേ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിന് അനുകൂലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."